Sunday, December 14, 2025

വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കുന്നു…. നമ്പർ വൺ കേരളത്തിൽ കുട്ടികൾ ഇപ്പോഴും വീടുകളിൽ; കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തുണ്ടായത് ഗുരുതര വീഴ്ച?

ദില്ലി: അതിതീവ്ര കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകളെല്ലാം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്‌ളാസ്സുകൾ മാത്രമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്നുമുതൽ തുറക്കുകയാണ്.

ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറക്കുന്നത്.
രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. കാസ്സുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും. തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ നടക്കുക.

എന്നാൽ നമ്പർ വൺ കേരളം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളത്തിൽ ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ദിനംപ്രതി മുപ്പതിനായിരത്തിലധികം രോഗികളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയിലധികവും കേരളത്തിലാണ്. അശാസ്ത്രീയ ലോക്ക്ഡൗണും അനാവശ്യമായ ഇളവുകളുമെല്ലാം രോഗികളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ വൻ പാളിച്ചയാണ് സംസ്ഥാന സർക്കാരിനുണ്ടായിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles