Friday, May 17, 2024
spot_img

സംസ്ഥാനത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, തിരമാല 3.9 മീറ്റര്‍ ഉയരാനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്നും ശക്തമായ കടലാക്രമണമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തൃശൂര്‍ ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ രണ്ടും ചാവക്കാട് താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് തുറന്നത്. കൊടുങ്ങല്ലൂരില്‍ 676 പേരും ചാവക്കാട്ടെ ക്യാമ്പില്‍ 58 പേരുമാണുള്ളത്.

ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 4 ക്യാമ്പുകളിലായി 271 ഓളം ആളുകളാണുള്ളത്. തീരമേഖലയിലെ കടലാക്രമണം നേരിടാന്‍ അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളിലാണ് ജിയോബാഗുകള്‍ ഉടന്‍ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്.

Related Articles

Latest Articles