Thursday, May 16, 2024
spot_img

കടല്‍ക്ഷോഭത്തിനും മഴയ്ക്കും സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് 25ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ദ്ധമാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഓടെ ന്യൂനമർദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മേഖലയിൽ 25ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. 27ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70കിലോമീറ്റർ വരെയാവും. 28ന് കേരള തീരത്ത് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും തമിഴ്‌നാട് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റടിക്കും.

മത്സ്യത്തൊഴിലാളികൾ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27ന് പുലർച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്ന് അറിയിച്ചു.

Related Articles

Latest Articles