Friday, November 13, 2026

രണ്ടാം ക്ലാസ്‌ വിദ്യാർത്ഥികൾക്ക് ഹോം വർക്കായി നൽകിയത് ഇസ്ലാമിക പ്രാർത്ഥനയായ കൽമയും സൂറ ഫാത്തിഹയും മനപ്പാഠമാക്കാൻ ! ഹൈദരാബാദിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഹൈദരാബാദ്: രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പ്രാർത്ഥനയായ കൽമയും സൂറ ഫാത്തിഹയും മനപ്പാഠമാക്കുന്നത് ഹോംവർക്കായി നൽകിയെന്ന പരാതിയെത്തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. സയീദാബാദിലുള്ള ‘സക്സസ് ദ സ്കൂൾ’ എന്ന സ്ഥാപനത്തിലെ അദ്ധ്യാപികയായ ഷെയ്ക്ക് ആയിഷ പർവീണിനെയാണ് സ്കൂൾ മാനേജ്‌മെന്റ് പുറത്താക്കിയത്. ഭാവിയിൽ സക്സസ് ഗ്രൂപ്പിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവർക്ക് ജോലിക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കില്ലെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ പിരിച്ചുവിടൽ കത്തിൽ വ്യക്തമാക്കുന്നു.

ക്ലാസിലെ ഒരു ഹിന്ദു വിദ്യാർത്ഥിയോട് ഇസ്ലാമിക പ്രാർത്ഥനയായ കൽമയും സൂറ ഫാത്തിഹയും മനപ്പാഠമാക്കി വരാൻ അധ്യാപിക നിർദ്ദേശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കുട്ടിയുടെ ഹോംവർക്ക് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്കൂളിലെത്തി അധികൃതരെ ചോദ്യം ചെയ്യുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി രക്ഷിതാക്കളും ബിജെപി പ്രവർത്തകരും രംഗത്തെത്തി. താൻ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്നാണ് അധ്യാപികയെ പുറത്താക്കാൻ മാനേജ്‌മെന്റ് തയ്യാറായതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്സിൽ (X) കുറിച്ചു. പുറത്താക്കൽ കത്ത് നൽകിയതല്ലാതെ സ്കൂൾ അധികൃതർ വിഷയത്തിൽ മറ്റ് പരസ്യ പ്രതികരണങ്ങൾക്ക് ഇതുവരെ തയ്യാറായിട്ടില്ല.

Related Articles

Latest Articles