Monday, May 6, 2024
spot_img

അയ്യപ്പസ്വാമിയുടെ ഭട്ടബന്ധാസനത്തിനു പിന്നിലെ രഹസ്യം

ചിന്മുദ്ര കാട്ടിക്കൊണ്ട് അയ്യപ്പസ്വാമി സമാധിയടഞ്ഞു എന്നു പറയുന്നതിൽ സംശയാലുക്കൾ അവിശ്വസിച്ചേയ്ക്കാം. അക്കൂട്ടർ അയ്യപ്പസ്വാമി ആ സമയത്ത് ഉപവിഷ്ടനായിരിയ്ക്കുന്ന രീതി ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും. രണ്ടുകാലുകളും താഴെനിന്നും വി പോലെ ഉറപ്പിച്ച് വച്ച് ഒരു പട്ടകൊണ്ട് ചുറ്റിക്കെട്ടിയിരിയ്ക്കുന്ന ആ ഇരുപ്പിന് പട്ടബന്ധാസനം എന്നാണ് പറയുക. ഒരിയ്ക്കലും ഒരു മനുഷ്യനും അത്തരമൊരവസ്ഥയിൽ കാലുകൾ വച്ചുകൊണ്ട് നിലത്തിരിയ്ക്കാനാവില്ല. അത്രയ്ക്ക് ദുഷ്കരമായ ഒരാസനമാണത്. ശരീരത്തിന്റെ മൂലാധാരഭാഗത്തെ നിലത്തുറപ്പിച്ച് രണ്ടുകാൽ‌പ്പാദങ്ങളും അവിടെ ചേർത്ത് വച്ച് കാൽമുട്ടുകൾ ത്രികൊണാകൃതിയിൽ അകറ്റി വച്ചുകൊണ്ട് ഇരിയ്ക്കുക എന്നത് യോഗസനങ്ങളിൽ പ്രാവീണ്യമുള്ളവർക്ക് പോലും സാധിയ്ക്കുന്ന ഒന്നല്ല. ആ അവസ്ഥയിൽ കാലുകൾ സ്വാഭാവികമായി അകന്നുപോവും. അങ്ങിനെ ഉണ്ടാകാതാരിയ്ക്കാനാണ് ഒരു പട്ട കൊണ്ട് രണ്ട് കാലുകളേയും ബന്ധിച്ചിരിയ്ക്കുന്നത്. അഭ്യാസികൾക്ക് പോലും അസാധ്യമായ ഇത്തരമൊരു ആസനം അയ്യപ്പസ്വാമിയേപ്പോലെയുള്ള ഒരു ഹഠയോഗിയ്ക്കല്ലാതെ മറ്റാർക്കും പ്രായോഗികമാക്കാൻ കഴിയില്ല .ഇതൊരു പക്ഷേ യോഗശക്തി കൊണ്ട് പ്രാണനെ ശരം പോലെയാക്കി ശിരസ്സിലുള്ള ബ്രഹ്മരന്ധ്രം ഭേദിച്ച് പ്രാണനുപേക്ഷിയ്ക്കുന്നതിന് യോഗ്യമായ ഒരാസനമായിരിയ്ക്കാനാണ് സാധ്യത. ദീർഘ നേരം ആ ആസനത്തിലിരിയ്ക്കുമ്പോൾ കാലുകൾ അകന്ന് ആസനം വിലക്ഷണമാവുകയും അത് ശരീരത്തിലെ നാഢീഞരമ്പുകളെ സങ്കീർണ്ണമാക്കുകയും ചെയ്യാൻ ഇടയുള്ളതു കൊണ്ടാണ് ഒരു പട്ട കൊണ്ട് കാലുകളെ ബന്ധിയ്ക്കുന്നത് . ആ അവസ്ഥയിൽ ഇരുന്നാവണം അയ്യപ്പസ്വാമി സമാധിയടഞ്ഞത് എന്ന് ചിന്തിയ്ക്കുന്നതിൽ തെറ്റില്ല.

സമാധ്യവസ്ഥയിലുള്ള അയ്യപ്പസ്വാമിയുടെ ശിരസ്സും നാം ശ്രദ്ധിയ്ക്കേണ്ടതാണ് . ചില ചിത്രകാരന്മാർ അവിടെ കിരീടമൊക്കെ വരച്ചു ചേർത്തിട്ടുണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയാൽ അത് ജഢ മുകളിലേയ്ക്ക് ചുറ്റിക്കെട്ടി വച്ചിരിയ്ക്കുന്നതാണ് എന്ന് മനസ്സിലാവും.അത്രയ്ക്ക് ജഢ ഒരു ചെറിയകാലം കൊണ്ട് വളരില്ല.അയ്യപ്പസ്വാമി ദീർഘകാലം ശബരിമലയിൽ യോഗവിദ്യകളാചരിച്ചുകൊണ്ട് ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകളാണിതൊക്കെ. തമിഴ് നാടിന്റെ സിദ്ധപാരമ്പര്യത്തേക്കുറിച്ച് അറിയുന്നവർക്ക് ഇതിലൊന്നും ഒരദ്ഭുതവും തോന്നാനിടയില്ല.
എന്നാൽ എന്തുകൊണ്ട് ഇത്ര ചെറുപ്പത്തിൽ തന്നെ അയ്യപ്പസ്വാമി സമാധി പൂകി എന്ന് ഒരു ന്യായമായ സംശയം ജിജ്ഞാസുക്കൾക്ക് ഉണ്ടാവാം. അതിന്റെ ഉത്തരം യോഗമേഖലകളിൽ വിഹരിയ്ക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു . സാധാരണ ജനങ്ങൾ എത്ര ആനന്ദത്തോടുകൂടിയാണോ ഇന്ദ്രിയസുഖങ്ങൾ അനുഭവിച്ചുകൊണ്ട് ലൌകികതയിൽ ജീവിയ്ക്കുന്നത് അതിന്റെ ആ‍യിരമായിരം മടങ്ങ് സുഖമാണ് ഇന്ദ്രിയാതീത മേഖലകളിൽ ആത്മാരാമന്മാരായി വിഹരിയ്ക്കുന്നവർ അനുഭവിയ്ക്കുന്നത്. പുതിയ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ഒരു ലോക സഞ്ചാരിയ്ക്കുണ്ടാകുന്ന ആനന്ദത്തിന്റെ ശതകോടി ആനന്ദമാണ് സിദ്ധലോകം ഗന്ധർവ്വ ലോകം ആനന്ദമയലോകം തുടങ്ങിയ സൂക്ഷ്മലോകങ്ങളിൽ ധ്യാനവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടേയിരിയ്ക്കുന്ന യോഗികൾക്ക് ലഭിയ്ക്കുന്നത് . ലോകനിയമമനുസരിച്ച് ഒരു ഉപാധിയെന്നവണ്ണം സ്വീകരിച്ചിരിയ്ക്കുന്ന ശരീരത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി താഴേയ്ക്ക് വരുക എന്നത് സിദ്ധയോഗികൾക്ക് ദുസ്സഹമാണ്. തന്നെയുമല്ല ഒരു ശരീരം സ്വീകരിച്ചിരിയ്ക്കുന്നതു കൊണ്ട് പ്രാപഞ്ചികനിയമമനുസരിച്ചുള്ള ജീർണ്ണാവസ്ഥകളിലൂടെ കടന്നു പോകേണ്ടിയും വരും . അത്തരം അവസ്ഥകളിൽ പലരും സ്വേച്ഛയാ ഈ ശരീരം ത്യജിയ്ക്കാറാണ് പതിവ് . അവർ പിന്നീട് പുനർജ്ജന്മമില്ലാത്ത ആനന്ദമയലോകത്ത് സൂക്ഷ്മാ‍ത്മാക്കളായി മാറും. എന്നാൽ അത്തരമൊരു യോഗിയല്ലായിരുന്നു എന്നതാണ് അയ്യപ്പസ്വാമിയുടെ മഹത്വം. എപ്പോഴും തനിയ്ക്ക് ചുറ്റുമുള്ള തന്റെ ഭക്തർക്ക് വേണ്ടി തുടിച്ചുകൊണ്ടിരുന്ന ഒരു കാതരമായ മനസ്സുണ്ടായിരുന്നു അയ്യപ്പസ്വാമിയ്ക്ക്. യോഗനിയമ പ്രകാരം താൻ പ്രാപഞ്ചിക നിയമങ്ങൾക്ക് വിധേയനായി ശിഷ്യന്മാർക്കും ഭക്തന്മാർക്കുമൊപ്പം ജീവിച്ചാൽ തന്റെ ശരീരവും ജീർണ്ണമാവുമെന്നും അങ്ങിനെ സ്വാഭാവിക മൃത്യു സംഭവിയ്ക്കുമെന്നും അങ്ങിനെയുണ്ടായാൽ ജീവന്റെ ഗതിനിയമങ്ങൾക്കനുസരിച്ച് തന്റെ ആത്മാവ് മുക്താവസ്ഥയെ പ്രാപിച്ച് ഉയർന്നുപോകുമെന്നുമറിയാമായിരുന്ന അയ്യപ്പസ്വാമി , തന്റെ ഭക്തന്മാരെ എപ്പോഴും കാണുന്നതിനും അവരുടെ സങ്കടങ്ങളിൽ കൂടെയുണ്ടാവുന്നതിനും വേണ്ടി ചിരഞ്ജീവിയായി ശബരിമലയിൽ സാന്നിധ്യം ചെയ്യുവാൻ ആഗ്രഹിച്ചു . ഇതിന് സ്വന്തം ജീവിതത്തിന്റെ കാലഗതിയെത്തുന്നതുവരെ കാത്തിരിയ്ക്കാതെ പ്രാണനെ സ്വേച്ഛയാ ത്യജിയ്ക്കുക എന്നതാണ് യോഗികൾ ചെയ്യേണ്ടത്. ആ നിയമമനുസരിച്ചാണ് ദേഹാത്മകമായ ഉപാധി ഉപേക്ഷിച്ചുകൊണ്ട് അയ്യപ്പസ്വാമി തന്റെ പ്രാണ ചൈതന്യത്തെ ശബരിമലയിലെ ധർമ്മശാസ്താവിന്റെ വിഗ്രഹത്തിലേയ്ക്ക് ലയിപ്പിച്ചുകൊണ്ട് സ്വയം ചിന്മുദ്രാങ്കിത ഭട്ടബന്ധ സ്ഥിതിയിൽ ശരീരം ഉപേക്ഷിച്ചത്

Related Articles

Latest Articles