Saturday, April 20, 2024
spot_img

അതിർത്തിയിൽ പുകയുന്ന സംഘർഷം : പ്രധാനമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു

അതിർത്തിയിലെ പ്രശ്നങ്ങൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‌ർന്ന അടിയന്തര സുരക്ഷാ കൗൺസിൽ യോ​ഗം അവസാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിർമലാ സീതാരാമൻ, അരുൺ ജയ്‍റ്റ്‍ലി എന്നിവ‌ർ യോ​ഗത്തിൽ പങ്കെടുത്ത്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ വിലയിരുത്തിയതായാണ് റിപ്പോർട്ട്.

ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലുള്ള ഹന്ദ്‍വാരയിൽ ശനിയാഴ്ച മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ മരിച്ച രണ്ട് തീവ്രവാദികളും ലഷ്കർ ഇ ത്വയ്യിബ അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഒരാൾ പാകിസ്ഥാൻ പൗരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് സുരക്ഷാ സേനാ ഉദ്യോഗസ്ഥരെയാണ് ഈ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് നഷ്ടമായത്. ഇക്കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായതായാണ് സൂചന.

അതിർത്തിയിലാകട്ടെ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി, പൂഞ്ച് ഉൾപ്പടെയുള്ള സെക്ടറുകളിൽ തുടർച്ചയായി വെടിവെപ്പും നടക്കുന്നു. ഇസ്ലാമിക രാഷ്ടങ്ങളുടെ സമ്മേളനത്തിൽ ‘കശ്മീർ’ പ്രശ്നത്തിന്‍റെ പേരിൽ ഇന്ത്യയെ ശക്തമായി കുറ്റപ്പെടുത്തി പ്രമേയവും പാസ്സാക്കിയിരുന്നു. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ച് പങ്കെടുപ്പിച്ച ശേഷമായിരുന്നു ഇത്. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിൽ വേറെ ആരും ഇടപെടേണ്ടെന്നുമായിരുന്നു ഇന്ത്യ ഇതിന് മറുപടി നൽകിയത്. ഈ സാഹചര്യങ്ങളിലാണ് പ്രധാനമന്ത്രി അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചത്.

Related Articles

Latest Articles