ന്യൂഡൽഹി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകളിൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾക്കായി കേന്ദ്ര പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഉടൻ തന്നെ സർക്കാർ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു. കിഫ്ബി വരുത്തിവെച്ച ബാധ്യതകൾ കടമെടുപ്പ് പരിധിയെ ബാധിക്കുന്ന സാഹചര്യത്തിൽ, കിഫ്ബിയുടെ നിലവിലെ സാമ്പത്തിക പൊസിഷൻ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും കടമെടുപ്പിൽ അന്തിമ തീരുമാനമെടുക്കുക. ദേശീയപാത വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തുകയിൽ സംസ്ഥാനം നൽകേണ്ട വിഹിതത്തിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതിലെ നിയമപ്രശ്നങ്ങൾ സർക്കാർ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വഖഫ് ഭൂമി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുനമ്പത്തെ ഒരു ജനവിഭാഗത്തെയും അവിടെനിന്ന് ഇറക്കിവിടാൻ സർക്കാർ അനുവദിക്കില്ല. കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിവരങ്ങൾ കൃത്യമായി പരിശോധിക്കും. വിഷയം സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ‘രക്ഷാപ്രവർത്തന’ വിവാദങ്ങളിലെ കേസുകളിൽ രാഷ്ട്രീയ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് സതീശൻ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനടപടികൾ. മുൻപ് കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ നടന്നിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

