റിയാദ്: പതിനെട്ട് വർഷത്തിലേറെ നീണ്ട സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ മോചിതനായി. റഹീമിന്റെ മോചന ഉത്തരവിൽ റിയാദ് കോടതി ഒപ്പുവെച്ചു. ഇതോടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായുള്ള ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയായി വരികയാണെന്നാണ് റിയാദിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമനടപടികൾ എത്രയും വേഗം പൂർത്തിയാക്കി അബ്ദുൽ റഹീമിനെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനാണ് റിയാദിലെ നിയമസഹായ സമിതിയും സുഹൃത്തുക്കളും ഊർജിതമായി ശ്രമിക്കുന്നത്.
ഒരു ജനതയുടെ കാരുണ്യം; 34 കോടിയുടെ ചരിത്ര മോചനം
2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീമിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുന്നതിനിടെ, കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണം അബദ്ധത്തിൽ കൈ തട്ടി മാറുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായിരുന്നെങ്കിലും വിചാരണക്കൊടുവിൽ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമിച്ച് കൈകോർത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ദിയാധന തുകയായ 34 കോടി രൂപ സമാഹരിച്ചതോടെയാണ് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ വിധിച്ചിരുന്നു. ഈ തടവ് കാലാവധിയും ഇപ്പോൾ പൂർത്തിയായതോടെയാണ് കോഴിക്കോട്ടെ റഹീമിന്റെ കുടുംബത്തിന്റെയും ലോകമലയാളികളുടെയും പ്രാർത്ഥനകൾ ഫലം കണ്ട് റഹീം പൂർണ്ണമായി മോചിതനാകുന്നത്.

