Wednesday, May 15, 2024
spot_img

വേനൽക്കാലത്ത് മാത്രം കാണാവുന്ന സീതാ രാമന്മാർ ഇരുന്ന ഇരിപ്പിടം… അതും കേരളത്തിൽ

വേനൽക്കാലത്ത് മാത്രം കാണാവുന്ന സീതാ രാമന്മാർ ഇരുന്ന ഇരിപ്പിടം… അതും കേരളത്തിൽ

രാമായണത്തിലെ നായികയായ സീതാദേവിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രാമം കേരളത്തിലുണ്ട് എന്ന കാര്യം അധികം ആര്‍ക്കും അറിയാവുന്ന സംഗതിയല്ല. സീതത്തോട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. രാമായണ കഥകളുമായി ബന്ധപ്പട്ട പല സ്ഥലങ്ങളും ഇവിടെ കാണാന്‍ സാധിക്കും. സീതക്കുഴി, സീതമുടിമല, ഗുരുനാഥന്‍ മണ്ണ് തുടങ്ങി രാമായണത്തിന്റെ സ്വാധീനമുള്ള പ്രദേശങ്ങള്‍ അനവധി.

രാമായണത്തിന്റെ ഗന്ധമുള്ള സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനം. സീതത്തോട് ടൗണില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ അദ്ഭുത പ്രതിഭാസം. രണ്ടു പാറകള്‍ പിളര്‍ന്ന രൂപപ്പെട്ട ഈ ഗര്‍ത്തം സീതാദേവിയുടെ അന്തര്‍ധാനത്തെ അനുസ്മരിപ്പിക്കുന്നു. വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുഴ ഇതിനു സമീപത്തുകൂടിയാണ് ഒഴുകുന്നത്. രാമായണവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന പല അടയാളങ്ങളും പുഴയുടെ പലഭാഗത്തായി കാണാന്‍ സാധിക്കും. സീതത്തോട് ടൗണിനെച്ചുറ്റി ഒഴുകുന്ന കക്കാട്ടാറിലാണ് ഈ പുഴ ചെന്നുചേരുന്നത്.
സീതക്കുഴി സ്ഥിതിചെയ്യുന്ന പ്രദേശവും അതേ പേരില്‍തന്നെയാണ് അറിയപ്പെടുന്നത്. മഴക്കാലത്തൊഴികെ ഈ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തുന്ന ആളുകളില്‍ നല്ലൊരു ഭാഗവും സീതക്കുഴി സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ യാത്ര അത്യന്തം അപകടകരമാണ്.

കസേരക്കടവ് എന്നറിയപ്പെടുന്ന സ്ഥലമാണ് സീതക്കുഴി യാത്രയിലെ ആദ്യ ആകര്‍ഷണം. പാറയില്‍ രൂപപ്പെട്ട പ്രകൃതിജന്യങ്ങളായ കസേരകള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. മൂന്നു കസേരകളാണിവിടെ കാണപ്പെടുന്നത്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നിവര്‍ ഇവിടെ ഇരുന്നതായാണ് നാട്ടുകാരുടെ വിശ്വാസം. കസേരകള്‍ വര്‍ഷത്തിന്റെ ഏറിയ സമയവും വെള്ളത്താല്‍ മൂടപ്പെട്ടതിനാല്‍ ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തുക വേനല്‍ക്കാലത്തു മാത്രമേ സാധ്യമാകൂ. ഇവയുടെ സമീപം ചിലര്‍ സ്വാര്‍ഥതാത്പര്യപ്രകാരം പാറപൊട്ടിച്ചത് കടവിന്റെ ഭംഗിയെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.

ഇവിടം പിന്നിട്ട് മുമ്പോട്ടു പോകുമ്പോള്‍ യാത്ര കൂടുതല്‍ ക്ലേശകരമാവുന്നു, വഴുവഴുത്ത പാറകളില്‍ ചവിട്ടി ശ്രദ്ധയോടെ വേണം മുമ്പോട്ടു നീങ്ങാന്‍. പോകുന്ന വഴിയില്‍ ചെറുതല്ലാത്ത കുഴികള്‍ ഉള്ളതിനാല്‍ വളരെ കരുതേണ്ടിയിരിക്കുന്നു. ഇതിനിടയില്‍ രാമന്റെ കാല്‍പ്പാട് എന്നു പറയുന്ന അടയാളം, ചില ശിലാ ലിഖിതങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയും കടന്ന് ചെന്നെത്തുക സീതക്കുഴിയുടെ തൊട്ടുതാഴെയാണ്. ഇവിടെ നിന്ന് മുകളിലോട്ടു കയറിവേണം സീതക്കുഴിയുടെ സമീപമെത്താന്‍. ചരിഞ്ഞ പാറയില്‍ക്കൂടിയാണ് മുകളിലേക്കു കയറേണ്ടത്. മുള്ളുകള്‍ വകഞ്ഞുമാറ്റി വളരെ ശ്രദ്ധയോടു കൂടിവേണം ഇതിലേ സഞ്ചരിക്കാന്‍. സീതക്കുഴിയാത്രയില്‍ ഏറ്റവും അപകടസാധ്യത കൂടിയ സ്ഥലവും ഇതുതന്നെ. അതിനാല്‍ തന്നെ മഴക്കാലത്ത് ആരും ഇവിടേയ്ക്കു വരാറില്ല. മുകളിലെത്തിയാല്‍ പുഴയുടെ ഒഴുക്കിന്റെ ദിശയ്ക്ക് അല്‍പം നീങ്ങിയാണ് സീതക്കുഴി. സീതക്കുഴിയുടെ മുഖവും മുള്ളുകള്‍ നിറഞ്ഞതാണ്. പാറകള്‍ നെടുകെ പിളര്‍ന്ന ഈ അദ്ഭുത കാഴ്ച ഒരിക്കല്‍ കണ്ടയാള്‍ പിന്നെയൊരിക്കലും മറക്കാനിടയില്ല. സീതക്കുഴിയുടെ ഇരുവശത്തുമുള്ള പാറയില്‍ പണ്ടുകാലത്ത് എണ്ണയൊഴിച്ച് തിരികത്തിച്ചിരുന്നതായി ആളുകള്‍ പറയുന്നു. അതിന്റെ അവശേഷിപ്പെന്നപോലെ ചെറിയ പൊത്തുകളില്‍ എണ്ണവിളക്കിന്റെ കരി തെളിഞ്ഞു കാണാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles