Monday, April 29, 2024
spot_img

‘നിര്‍ഭയ’ക്ക് ഏഴാണ്ട്; സ്ത്രീകള്‍ക്കെതിരെ ഇന്നും അതിക്രമങ്ങള്‍ തുടരുന്നു

ദില്ലി: തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കേസിലെ കുറ്റവാളികളായ നാലുപേരുടെ വധശിക്ഷ എപ്പോള്‍ നടപ്പാക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. 2012 ഡിസംബര്‍ 16 -ന് രാത്രിയായിരുന്നു ആറ് നരാധമന്‍മാര്‍ ചേര്‍ന്ന് നിര്‍ഭയ എന്ന 23 -കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പതിനാല് ദിവസത്തെ ജീവന്‍മരണപോരാട്ടത്തിനൊടുവില്‍ ഡിസംബര്‍ 29 -ന് രാത്രിയില്‍ അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗത്ത് ദില്ലിയിലെ മുനീര്‍ക ബസ് സ്റ്റോപ്പില്‍ നിന്നാണ് നിര്‍ഭയയുടെ ജീവിതം ക്രൂരമായി തകര്‍ത്തെറിഞ്ഞ ആ ബസ് യാത്രയുടെ തുടക്കം. മറ്റു യാത്രക്കാരില്ലാതിരുന്ന ബസില്‍ ജീവനക്കാരായ ആറംഗ സംഘം നിര്‍ഭയയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു നിര്‍ഭയയെ ആറംഗസംഘം ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.

ഏകദേശം 11 മണിയോടെ, അര്‍ധനഗ്‌നാവസ്ഥയില്‍ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അതുവഴി പോയ ആളാണ് അവശനിലയില്‍ കിടന്ന നിര്‍ഭയെയും സുഹൃത്തിനെയും കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.

ഇന്ന് നിര്‍ഭയ സംഭവം നടന്നിട്ട് ഏഴുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷതന്നെ രാജ്യത്തെ പരമോന്നത കോടതി വിധിച്ചിരിക്കുകയാണ്.

എന്നാല്‍, നിര്‍ഭയകേസില്‍ പുന:പരിശോധന ഹര്‍ജി തള്ളിയതോടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാനാണ് പ്രതികളുടെ നീക്കം. കൂടാതെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും പ്രതികള്‍ നീക്കം നടത്തുന്നുണ്ട്. ഇത്തരത്തില്‍ തൂക്കുകയര്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ നോക്കുന്നത്.

Related Articles

Latest Articles