തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വരും ദിവസങ്ങളിലും കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വർധിച്ചുവരുന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം.
മാർച്ച് 26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൂട് ഉയർന്ന നിലയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38°C വരെ ഉയർന്നേക്കാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഇടങ്ങളായി ഇവ തുടരുന്നു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ചൂട് 37°C വരെ ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ താപനില 36°C വരെ ഉയരുമെന്നാണ് പ്രവചനം.
സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒആർഎസ് , കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും

