തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ല. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ ഇതിനോടകം പൂർത്തിയായ സാഹചര്യത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനിച്ചത്. നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റ് ഏപ്രിൽ നാല് വരെയാണ് ശശിയെ റിമാൻഡ് ചെയ്തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വെള്ളനാട് ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. കഴിഞ്ഞ മാസം 28-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുള്ളൻപന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ വനംവകുപ്പ് കേസെടുത്തതോടെ ശശി ഒളിവിൽ പോവുകയായിരുന്നു.
ഒളിവിലായിരുന്ന സമയത്ത് ശശി പരസ്യമായി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. വനംവകുപ്പ് പ്രതിയെ പിടികൂടാൻ മടിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് സെഷൻസ് കോടതി ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ നിയമനടപടികൾ കടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി അദ്ദേഹം കീഴടങ്ങുകയായിരുന്നു.

