കോഴിക്കോട് : പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന സർക്കാർ കുരുക്കിൽ. സേനയിൽ നിന്നും പിരിച്ചുവിടപ്പെട്ട ആളാണ് തന്നെ ആക്രമിച്ചതെന്നും അഭിലാഷ് ഡേവിഡ് എന്ന ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം സിഐയാണെന്നും വഞ്ചിയൂർ സിപിഎം ഓഫീസിലെ നിത്യ സന്ദർശകനാണെന്നും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി പറമ്പിൽ വ്യക്തമാക്കി. ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി പറമ്പിൽ വാർത്ത സമ്മേളനത്തിൽ പുറത്ത് വിട്ടു.
ശ്രീകാര്യം എസ്എച്ച്ഓ ആയിരുന്ന അഭിലാഷ് ഡേവിഡ് ലൈംഗീക പീഡനക്കേസിൽ നടപടി സ്വീകരിക്കാത്തതിന് 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും ജനുവരി 19ന് ഇയാൾ ഉൾപ്പടെ മൂന്നു പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടതാണെന്നും ഷാഫി പറഞ്ഞു. മാധ്യമവാർത്തകൾ ഉൾപ്പടെ കാണിച്ചുകൊണ്ടാണ് ഷാഫി വെളിപ്പെടുത്തൽ നടത്തിയത്. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ല.
AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പോലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. നാല് വീഡിയോ പരിശോധിച്ചാൽ മതി. ഇതുവരെ സംഭവത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഷാഫി ചോദിച്ചു.
“പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പൊലീസ് നടത്തിയത്. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്. അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്. മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയത്. ഇതുവരെ മൊഴി പോലും എടുത്തില്ല. റൂറൽ എസ്പിയുടെ ബൈറ്റ് പുറത്തു വന്ന ശേഷം ഇടപെടൽ ഉണ്ടായി. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചു. ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ പോലീസ് പരിശീലനം നൽകാൻ സർക്കുലർ ഇറക്കി. പോലീസിന് ഗ്രനേഡ് എറിയാൻ അറിയില്ല എന്ന് വ്യക്തമായതോടെയല്ലേ കോഴിക്കോട് റൂറൽ പോലീസിന് പരിശീലനം നടത്തിയത്. ഗ്രനേഡ് എറിയേണ്ടത് ആൾക്കൂട്ടത്തിന്റെ ഇടയിലേക്കല്ല.
കൊള്ളയുടെ പങ്കുപറ്റിയ സർക്കാരാണിത്. മന്ത്രിമാർക്ക് ഉൾപ്പെടെ ശബരിമല വിഷയത്തിൽ പങ്കുള്ളതിനാലാണ് ദേവസ്വം ബോർഡ് പിരിച്ചു വിടാത്തത്. അയ്യപ്പന്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവരുടെ കഥകൾ പുറത്തു വരുന്നുണ്ട്. ശബരിമലയിൽ നടന്ന സ്വർണക്കൊള്ള വിശ്വാസികളും അവിശ്വാസികളും ക്ഷമിക്കില്ല. ഇത് മറച്ചു വെക്കാനാണ് പേരാമ്പ്രയിൽ പൊലീസ് ക്രൂരത അരങ്ങേറിയത്. നിയമ പോരാട്ടം തുടരും.തെളിവുകൾ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറും.”- ഷാഫി പറഞ്ഞു.

