Friday, May 17, 2024
spot_img

ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ കാരണം മറ്റൊരു വിവാഹമെന്ന ക്രൈബ്രാഞ്ചിന്റെ വാദങ്ങൾ പൊളിയുന്നു; പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിയതും ജ്യൂസ് നൽകിയതും വിവാഹ നിശ്‌ചയത്തിന് ശേഷം: നാടിനെ നടുക്കിയ ഷാരോൺ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി സഹോദരൻ സജിൻ

പാറശാല: ഷാരോൺ വധക്കേസിൽ പോലീസിന്റെ വാദങ്ങളെല്ലാം പൊളിയുകയാണ്. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായി അകന്നിരുന്നുവെന്നാണ് ഇന്നലെ എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞത്. എന്നാൽ മറ്റൊരാളുമായി ഫെബ്രുവരിയിൽ നടന്ന വിവാഹ നിശ്ചയ ശേഷവും ഗ്രീഷ്മ ഷാരോണുമായി നല്ല രീതിയിൽ അടുപ്പം പുലർത്തിയിരുന്നു എന്നാണ് ഷോരോണിന്റെ സഹോദരൻ സജിൻ വെളിപ്പെടുത്തുന്നത്.

മെയ് മാസത്തിലാണ് ഗ്രീഷ്മയുടെ കഴുത്തിൽ ഷാരോൺ താലിചാർത്തിയതും, അതായത് വിവാഹ നിശ്ചയത്തിന് ശേഷമാണെന്നാണ് ഷോരോണിന്റെ സഹോദരൻ പറയുന്നത്. കൂടാതെ ഗ്രീഷ്മയുടെ വിവാഹ നിശ്ചയ ശേഷവും ഷാരോണുമായി പുറത്തുപോകാറുണ്ടായിരുന്നുവെന്നും സജിൻ വെളിപ്പെടുത്തുന്നുണ്ട്. ക്രൈബ്രാഞ്ചിന്റെ വാദം അപ്പാടെ പൊളിയുന്ന തരത്തിലുള്ളതതാണ് പുതിയ വെളിപ്പെടുത്തൽ. കേസന്വേഷണത്തിൽ ഇനി സഹോദരന്റെ വെളിപ്പെടുത്തൽ നിർണായകമാകും.

ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി ജ്യൂസും കഷായവും കുടിച്ചതിന് പിന്നാലെയാണ് ഷാരോൺ മരണപ്പെടുന്നത്. ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷമായി അടുപ്പമുണ്ട്. ഫെബ്രുവരി മാസം ഇരുവരും തമ്മിൽ പിണക്കം ഉണ്ടായി. ഇതേ മാസം മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. അതിനു ശേഷവും ഷാരോണും ഗ്രീഷ്മയും ബന്ധം നിലനിർത്തി. ഈ അടുത്ത കാലത്താണ് ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയത്.

ഇതിനൊക്കെ ശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ചതും ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ ഛർദിച്ചു. തുടർന്ന് സുഹൃത്തിനൊപ്പം ഷാരോൺ മടങ്ങിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. കുപ്പിയിലുണ്ടായിരുന്ന കഷായം അല്ല ഷാരോണിനു നൽകിയത്, പുറത്തുനിന്നു വാങ്ങിച്ച കഷായപ്പൊടി ഉപയോഗിച്ചു ഗ്രീഷ്മ സ്വയം തയ്യാറാക്കിയ കഷായമാണ് നൽകിയതെന്നാണ് മൊഴിയിൽ പറയുന്നത്.

എന്നാൽ ഇപ്പോഴും ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാർ. നന്നായി പഠിക്കുന്ന, നല്ല പെരുമാറ്റമുള്ള കുട്ടിയാണ്. ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സംഭവത്തിൽ നാട്ടുകാർ പറയുന്നത്.

ഒരുതെറ്റും ചെയ്യാത്ത ഞങ്ങളെ ക്രൂശിക്കുകയാണ്. മാദ്ധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുകയാണെന്നാണ് ഷാരോണിന്റെ മരണസമയത്ത് ഗ്രീഷ്മയുടെ വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലത്തെ ഗ്രീഷ്മയുടെ മൊഴിയോടുകൂടി എല്ലാ കള്ളങ്ങളും പൊളിയുകയാണ്.

കേസിൽ പ്രതിയായ ഗ്രീഷ്‌മക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി . അജ്ഞാതർ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു എന്നാണ് വിവരം. ഗ്രീഷ്മയുടെ മാതാപിതാക്കൾ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പോലീസ് രണ്ട് സ്റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles