Wednesday, May 1, 2024
spot_img

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന അധികാരത്തിൽ: തുടർച്ചയായി നാലാം തവണ പ്രധാനമന്ത്രിയായി, പ്രതിപക്ഷ ബഹിഷ്ക്കരണം കാരണം രാജ്യത്ത് വോട്ട് ചെയ്തത് 40 ശതമാനം പേർ മാത്രം

ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്‍കരണത്തിനുമിടെ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് മൂന്നിൽ രണ്ടിലേറെ സീറ്റുകൾ നേടിയാണ് തുടർച്ചയായ നാലാം തവണ അധികാരത്തിലെത്തിയത്.

പ്രതിപക്ഷ പാർട്ടികളടക്കം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ രാജ്യത്തെ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്തത്. 300 അംഗ പാർലമെൻ്റിൽ അവാമി ലീഗ് 222 സീറ്റുകളിൽ വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) വോട്ടെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു. 63 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നിൽ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയ ഡമ്മി സ്ഥാനാർഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽനിന്നാണ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോൾ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാർട്ടിയിലെ എം. നിസാമുദ്ദീൻ ലഷ്‍കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. 1986 മുതൽ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാൽഗഞ്ച് -3 മണ്ഡലത്തിൽനിന്ന് വിജയിക്കുന്നത്. 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 436 സ്വതന്ത്രർക്ക് പുറമെ 27 രാഷ്ട്രീയപാർട്ടികളിൽനിന്നായി 1500ലേറെ സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

Related Articles

Latest Articles