Wednesday, May 1, 2024
spot_img

ശേഖർ ജീവിക്കും ഇനി ആറ് പേരിലൂടെ,ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ ദാനം ചെയ്യും,ദാനം ചെയ്തത് തമിഴ്നാട് സ്വദേശിയുടെ അവയവങ്ങൾ

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിൻ്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. ഭാര്യ ഗീതയുടെ സമ്മതത്തോടെയാണ് അവയവങ്ങൾ ദാനം ചെയ്തത്.
ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും. ആംബുലൻസിന് സുഗമമായി കടന്നുപോകാനായി ഇന്ന് തലസ്ഥാനത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിൻ്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ വിന്യസിക്കുന്നത്.

Related Articles

Latest Articles