Friday, May 17, 2024
spot_img

പഞ്ചാബിന്റെ രക്ഷകനായി ശിഖർ ധവാൻ; ഹൈദരാബാദിന് 144 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ് : ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായെങ്കിലും ആയിരം സെഞ്ചുറികളെക്കാൾ മഹത്തരമായിരുന്നു ധവാൻ ഇന്ന് നേടിയ 99* റൺസ്. മറ്റു ബാറ്റർമാർ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ പഞ്ചാബ് കിങ്സിനു രക്ഷകനായി ക്യാപ്റ്റൻ ശിഖർ ധവാൻ (66 പന്തിൽ 99*) മാറി.

88/9 എന്ന നിലയിൽ നിന്ന് ധവാൻ നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്. പതിനൊന്നാമനായി ഇറങ്ങിയ മോഹിത് റാത്തിയെ (2 പന്തിൽ 1) ഒരറ്റത്ത് നിർത്തി ധവാൻ കത്തിക്കയറിയപ്പോൾ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു.

പത്താം വിക്കറ്റിൽ ധവാൻ– മോഹിത് സംഘം നേടിയത് 55 റൺസ്. ഇതിൽ 54 റൺസും ധവാന്റെ ബാറ്റിൽ നിന്നായിരുന്നു. 66 പന്തിൽ 5 സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ പഞ്ചാബ് ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (പൂജ്യം) വിക്കറ്റിനു മുന്നിൽ കുരുങ്ങി.. തൊട്ടടുത്ത ഓവറിൽ തന്നെ മൂന്നാമനായി ഇറങ്ങിയ മാത്യു ഷോർട്ടിനെ (3 പന്തിൽ 1) മാർക്കോ ജാൻസെനും പുറത്താക്കി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ പഞ്ചാബ് വിക്കറ്റ് വീണുകൊണ്ടേയിരുന്നു.

ധവാനെ കൂടാതെ പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത് സാം കറൻ (15 പന്തിൽ 22) മാത്രമാണ്. മൂന്നു പേർ പൂജ്യത്തിനു പുറത്തായി. പ്രഭ്‌സിമ്രാൻ സിങ്, രാഹുൽ ചാഹർ, നഥാൻ എലിസ് എന്നിവരാണ് പൂജ്യത്തിന് പുറത്തായ ബാറ്റർമാർ . ജിതേഷ് ശർമ (9 പന്തിൽ 4), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സിക്കന്ദർ റാസ (6 പന്തിൽ 5), ഷാറൂഖ് ഖാൻ (3 പന്തിൽ 4), ഹർപ്രീത് ബ്രാർ (2 പന്തിൽ 1) എന്നിവരും ഇന്ന് നിരാശപ്പെടുത്തി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡെ നാലു വിക്കറ്റും , മാർക്കോ ജാൻസെൻ ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും , ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി.

Related Articles

Latest Articles