Monday, April 29, 2024
spot_img

ശിവസേനയുടെ ഭാവി സുരക്ഷിതം: ഉദ്ധവ് പക്ഷത്തുനിന്ന് യുവനേതാക്കള്‍ കൂട്ടത്തോടെ ഷിൻഡെ പക്ഷത്തേക്ക്, എംപിമാരും ഉദ്ധവ് ക്യാമ്പ് വിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള ശിവസേനയുടെ ഭാവി സുരക്ഷിതമെന്ന് പ്രഖ്യാപിച്ച്‌ ഉദ്ധവ് പക്ഷത്തുനിന്ന് വന്‍തോതില്‍ യുവ നേതാക്കള്‍ ഷിൻഡെയുടെ പക്ഷത്തേക്ക് വരുന്നു.

ശിവസേനയുടെ യുവവിഭാഗം നേതാവ് വികാസ് ഗോഗാവാലെയുടെ നേതൃത്വത്തില്‍ അമ്പതിലേറെ യുവ നേതാക്കള്‍ ഷിന്‍ഡേ പക്ഷത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഉദ്ധവ് പക്ഷക്കാരായ നിരവധി പേരാണ് ഘട്ടംഘട്ടമായി ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറുന്നത്.

ശിവസേനാ ഔദ്യോഗിക വക്താവും മുന്‍ മുംബൈ നഗരത്തിന്റെ കോര്‍പറേറ്ററുമായിരുന്ന ശീതള്‍ മാത്താരേയും ചില സുപ്രധാന പ്രാദേശിക നേതാക്കളും ഷിന്‍ഡേ പക്ഷത്തേക്കും ഇന്നലെ എത്തിയിരുന്നു. ഉദ്ധവ് താക്കറെ പക്ഷത്തുളള നിരവധി നേതാക്കള്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ഷിന്‍ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 18 എംപിമാരില്‍ 12 പേരും ഷിന്‍ഡെ ക്യാമ്പിലേക്ക് ചേരാൻ പോകുന്നു എന്ന രീതിയിലെ സൂചനകൾ പുറത്ത് വന്നിരുന്നു.

ഇന്ന് ഗുരുപൂര്‍ണ്ണിമയുടെ വിശേഷ അവസരത്തില്‍ ഷിന്‍ഡെയ്‌ക്കൊപ്പം ഔദ്യോഗികമായി ചേരുമെന്നാണ് വികാസ് അറിയിക്കുന്നത്. അദ്ദേഹത്തിന്റെയൊപ്പം 50 യുവനേതാക്കള്‍ ഷിന്‍ഡെയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന. വികാസിന്റെ പിതാവ് ഭരത് ഗോഗാവാലേ നിലവില്‍ ഷിന്‍ഡെ ഭരണകക്ഷിയുടെ ചീഫ് വിപ്പ് പദവി വഹിക്കുന്ന വ്യക്തിയുമാണ്.

Related Articles

Latest Articles