Thursday, May 9, 2024
spot_img

ഞെട്ടലോടെ കോൺഗ്രസ്‌,എംഎൽഎമാർ കാലുമാറി ന്യായ് യാത്ര പാതി വഴിയിൽ

കോൺഗ്രസ്സിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ് .അസമിൽ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത തന്റെ സ്ഥാനം രാജിവച്ചാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ഹിമന്ത ബിശ്വ ശർമ്മ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. ഭാരത് ജോഡോ ന്യായ് യാത്ര അസമിലെത്തിയതിന് ശേഷമാണ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ രാഹുലിനെയും കോൺഗ്രസിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

‘രാഹുൽ ജോഡോ യാത്രയുമായി അസമിൽ പ്രവേശിച്ചതിന് ശേഷം നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാർ ഒന്നും മിണ്ടിയില്ലെന്ന് പ്രതിപക്ഷ സഖ്യത്തിലെ ഒരു എംഎൽഎ രാഹുലിനെ അറിയിച്ചു. അദ്ദേഹം തന്റെ ആഡംബര ബസിൽ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും അസം-ബംഗാൾ അതിർത്തിയിൽ വിളിച്ചുവരുത്തി സംസാരിച്ചു. അടുത്ത നിയമസഭാ സമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രിയെ കടന്നാക്രമിക്കണമെന്നും സഭ സ്തംഭിപ്പിക്കണമെന്നും പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കിൽ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. പക്ഷേ നിയമസഭാ സമ്മേളനത്തിൽ വാക്കൗട്ട് പോലും ഉണ്ടായില്ല. ജോഡോ യാത്രക്ക് വേണ്ടി, രാഹുലിനുള്ള എന്റെ സമ്മാനമാണ് ഈ എംഎൽഎമാരുടെ പിന്തുണ എന്നയിരുന്നു ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്

നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും പുർകയസ്ത പറഞ്ഞു. എംഎൽഎമാരുടെ പിന്തുണയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, പിന്തുണ സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിൽ, കൂടുതൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29 സീറ്റുകൾ മാത്രമേ നേടിയിരുന്നുള്ളൂ. എന്നാൽ മാസങ്ങൾക്കുള്ളിൽ അതിൻ്റെ രണ്ട് നിയമസഭാംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.

Related Articles

Latest Articles