Friday, May 17, 2024
spot_img

സിദ്ധാർത്ഥിന്റെ മരണം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ; ഒളിവിലുള്ളവർക്കായി അന്വേഷണം പുരോഗമിക്കുന്നു

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. കേസിൽ ആറ് വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ട ബാക്കിയുള്ള വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

18 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ 12 പേരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള ആറ് പേരെ കൂടി സസ്‌പെൻഡ് ചെയ്തത്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിലവിൽ ഇവർ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും പോലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ പ്രതിപട്ടികയിലെ 10 പേർ‌ പോലീസിന്റെ പിടിയിലായി. കേസിൽ എട്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിം​ഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related Articles

Latest Articles