Tuesday, October 6, 2026

അപൂർവമായി സോമപ്രദോഷവും മുപ്പെട്ടുതിങ്കളും ചേർന്ന് വരുന്നു; ഇങ്ങനെ വ്രതം അനുഷ്ഠിച്ചു ശിവഭജനം നടത്തിയാൽ പുണ്യഫലദായകം

മലയാളമാസത്തിൽ വരുന്ന രണ്ടു പ്രദോഷങ്ങളും എല്ലാ തിങ്കളാഴ്ചകളും മഹാദേവന് പ്രധാനമാണ്. തിങ്കളാഴ്ച (2022 ഫെബ്രുവരി 14 ) സന്ധ്യയ്ക്ക് ത്രയോദശി വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമ പ്രദോഷം എന്നറിയപ്പെടുന്നു.

വളരെ അപൂർവമായി മലയാള മാസമായ കുംഭത്തിലെ ആദ്യത്തെ തിങ്കളാഴ്ച അതായത് മുപ്പെട്ടു തിങ്കളാഴ്ച പ്രദോഷം വരുന്നതിനാൽ അന്നേദിവസം വ്രതം അനുഷ്ഠിച്ചു ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, ദുരിതശാന്തി, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം എന്നാണ് വിശ്വാസം.

മുപ്പെട്ടു തിങ്കൾ പ്രദോഷവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

തലേന്ന് മുതൽ വ്രതം ആരംഭിക്കണം. തലേന്ന് ഒരിക്കലൂണ് നിർബന്ധമാണ്. സോമപ്രദോഷദിനത്തിൽ രാവിലെ കുളിച്ചു നിലവിളക്കു കൊളുത്തി ശിവഗായത്രി , 108 തവണ പഞ്ചാക്ഷരീ മന്ത്രജപം എന്നിവ നടത്തുക. എണ്ണതേച്ചുകുളി, പകലുറക്കം എന്നിവ പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതും ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നതും ഉത്തമം. സാധ്യമെങ്കിൽ ഭഗവാന് ഏറ്റവും പ്രിയങ്കരമായ കൂവളം നനയ്ക്കുന്നതും കൂവളപ്രദക്ഷിണവും സദ്‌ഫലം നൽകും. പകൽ മുഴുവൻ ഉപവാസം നന്ന്. അതിനു സാധിക്കാത്തവർക്ക് ഒരിക്കൽ അനുഷ്ഠിക്കാം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം , ഉമാമഹേശ്വര സ്തോത്രം എന്നിവ ഭക്തിപൂർവം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. സന്ധ്യയ്ക്ക് പ്രദോഷസമയത്തു നിലവിളക്കിനു മുന്നിൽ ഇരുന്നു ശിവഭജനം നടത്തുക.

(കടപ്പാട് )

Related Articles

Latest Articles