Wednesday, May 15, 2024
spot_img

സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ഇത് നിർണ്ണായകദിനം; ഭൂമി ഏറ്റെടുക്കലിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ഇന്ന് നിർണ്ണായകം. സർക്കാരിന്റെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം.

അതേസമയം കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല സർക്കാർ പദ്ധതി നടപ്പിലാക്കേണ്ടത് എന്ന് കഴിഞ്ഞ സിറ്റിംഗിൽ കോടതി വിലയിരുത്തിയിരുന്നു.

വീടുകളിൽ അതിക്രമിച്ച് കയറി കെ റെയിൽ തൂണുകൾ സ്ഥാപിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങൾ പ്രതിഷേധം തുടരുകയാണ്.
ഇന്നലെ അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. കെ റെയിൽ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധനയ്‌ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഒടുവിൽ മടങ്ങുകയായിരുന്നു.

Related Articles

Latest Articles