Friday, May 3, 2024
spot_img

സിമി ഭീകരൻ ഹനീഫ് ഷെയ്ഖ് പോലീസ് പിടിയിൽ ! സംഘടനയുടെ മാഗസിൻ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന കൊടും ഭീകരൻ അറസ്റ്റിലാകുന്നത് 22 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം

നിരോധിത തീവ്രവാദി സംഘടനയായ ‘സിമി’യുടെ പ്രധാന പ്രവര്‍ത്തകന്‍ ദില്ലി പോലീസിന്റെ പിടിയിൽ. നീണ്ട 22 വര്‍ഷത്തോളം പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് മഹാരാഷ്ട്രയിലെ ബുസാവലില്‍നിന്ന് അറസ്റ്റ് ചെയ്തത് . ശേസിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം ഇയാൾ വഹിച്ചിരുന്നു. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ. ചുമത്തിയിരുന്നു. 2001-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയും കേസെടുത്തിരുന്നു. 2002-ല്‍ ഇയാളെ ദില്ലി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

കേരളം, മധ്യപ്രദേശ്, ദില്ലി, കര്‍ണാടക എന്നിവിടങ്ങളിലെ സിമി പ്രവര്‍ത്തനങ്ങളില്‍ ഇയാൾ സജീവമായിരുന്നു. 1997-ലാണ് ഹനീഫ് ഷെയ്ഖ് സിമിയില്‍ അംഗമാകുന്നത്. പിന്നാലെ നിരവധി യുവാക്കളെ ഇയാള്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു. 2001-ല്‍ സിമി തലവനായിരുന്ന സാഹിദ് ബദറാണ് ഇയാളെ സിമി പ്രസിദ്ധീകരണമായ ‘ഇസ്ലാമിക് മൂവ്‌മെന്റി’ന്റെ എഡിറ്ററായി നിയമിക്കുന്നത് മാഗസിന്റെ ഉര്‍ദു എഡിഷനായിരുന്നു ഹനീഫ് കൈകാര്യംചെയ്തിരുന്നത്. വിദ്വേഷമുയര്‍ത്തുന്ന നിരവധി ലേഖനങ്ങള്‍ ഹനീഫ് പ്രസിദ്ധീകരിച്ചു.

2001-ല്‍ സംഘടനയുടെനിരോധനത്തിന് പിന്നാലെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ഷെയ്ഖ് അടക്കമുള്ള ചിലര്‍ ഒളിവില്‍പോയി. പിന്നീട് പോലീസിനെ വെട്ടിച്ച് പലയിടങ്ങളിലായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. നിരോധനത്തിന് ശേഷം സിമി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സമാന ആശയവുമായി ചില സംഘടനകള്‍ രൂപവത്കരിച്ചിരുന്നു. പോലീസിനെ വെട്ടിച്ച് ഒളിവില്‍കഴിഞ്ഞിരുന്ന ഹനീഫ്, ഇക്കാലയളവില്‍ ഈ സംഘടനകളിലും പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

സിമി മാഗസിനിലെ ലേഖനങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഹനീഫ് ഹുദായി’ എന്ന പേര് മാത്രമായിരുന്നു ഇയാളെക്കുറിച്ച് പോലീസിന്റെ പക്കലുണ്ടായിരുന്ന വിവരം. കഴിഞ്ഞ നാലുവര്‍ഷമായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് എന്ന പേരില്‍ മഹാരാഷ്ട്രയിലെ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇയാൾ ബുസാവലിലെ ഉര്‍ദുമീഡിയം സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിചെയ്യുകയാണെന്ന് മനസിലാക്കി. തുടര്‍ന്ന് ഫെബ്രുവരി 22-ാം തീയതിയാണ് ഹനീഫ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles