വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതിയായ സിൻജോ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ജയപ്രകാശ്. സിൻജോയെ കിട്ടിയെന്നതിൽ സന്തോഷമല്ല, തൃപ്തിയാണ് തോന്നുന്നത്. ഏറ്റവുംപൈശാചികമായി മകനെ മർദ്ദിച്ചത് സിൻജോ ആണ്. അവനെ കിട്ടുക എന്നതായിരുന്നു തന്റെ ആവശ്യമെന്നും പിതാവ് വ്യക്തമാക്കി.
‘പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതിനെ പറ്റി അറിഞ്ഞു. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അങ്ങനെയാണെങ്കിൽ ആ ബന്ധുവിനെ കൂടി പ്രതി ചേർക്കണം. കാശിനാഥനെ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ ആ ഒളിപ്പിച്ചവരും പ്രതിയാകണം. കുറ്റവാളികളെ ഒളിപ്പിക്കുന്നവരും പ്രതികളാണ്. ഒരു ശതമാനം സഹായം പോലും ചെയ്തവരെയും പ്രതിപ്പട്ടികയിൽ ചേർക്കണമെന്നാണ് ആഗ്രഹിക്കുന്നത്’ എന്ന് പിതാവ് പറഞ്ഞു.
എസ്എഫ്‌ഐ മാത്രമാണ് കോളേജിൽ ഉള്ളത്. പ്രതികൾ വെറും എസ്എഫ്‌ഐ പ്രവർത്തകരല്ല. എസ്എഫ്‌ഐയുടെ ഭാരവാഹികളാണ് കേസിൽ കുറ്റവാളികൾ. അപ്പോൾ പിന്നെ അവരെ അവരുടെ പാർട്ടി സംരക്ഷിക്കുന്നത് സവാഭാവികം മാത്രമാണ്. അവരെ സംരക്ഷിച്ചില്ലെങ്കിൽ കോളേജിൽ എസ്എഫ്‌ഐയുടെ ഭരണം കയ്യിൽ നിന്നും പോകുമെന്ന് നേതാക്കൾക്ക് അറിയാം. അതുകൊണ്ട് ഏതറ്റം വരെയും പ്രതികളെ നേതാക്കൾ സംരക്ഷിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

