Monday, September 21, 2026

രാജസ്ഥാനില്‍ ബി.എസ്.പി എം എല്‍ എമാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

ജയ്പുര്‍: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ രാജസ്ഥാനിലും ബി.എസ്.പി എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി. നിയമസഭയിലെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബി.എസ്.പി എം.എല്‍.എമാരും ചേര്‍ന്ന് ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

ജനാധിപത്യത്തെ തന്നെ കാറ്റില്‍പറത്തി അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കോണ്‍ഗ്രസ് ബി.എസ്.പി എംഎല്‍എമാരെ കൂറുമാറ്റിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേറിയ എന്നീ ബി.എസ്.പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

നിലവില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇനി വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അവര്‍ക്കെതിരെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്.ഈ വൈരുധ്യം എതിരാളികള്‍ക്ക് ശക്തി നല്‍കും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് രാജേന്ദ്ര ഗുഡ് എം എല്‍ എ വിശദീകരിച്ചു.

2018-ല്‍ നടന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ നൂറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ആറ് എംഎല്‍എമാരാണ് ബി എസ് പിക്ക് ഉണ്ടായിരുന്നത്. അധ്യക്ഷ മായാവതിയുടെ നിര്‍ദേശപ്രകാരം ബി എസ് പി എം എല്‍ എമാര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. ഇതോടൊപ്പം 13 സ്വതന്ത്രന്‍മാരില്‍ 12 പേരുടെ പിന്തുണയും സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരുണ്ടാക്കിയത്.

Related Articles

Latest Articles