തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കുട്ടികളില്‍ ഒരാളെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കേസില്‍ ഇതേ ക്യാമ്പസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി രാകേഷിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് ജാമ്യത്തില്‍ വിട്ടു. രാകേഷാണ് കാറോടിച്ചിരുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് രാകേഷ് ക്യാമ്പസിലേക്ക് അമിതവേഗത്തില്‍ കാര്‍ ഓടിച്ചുകയറ്റിയത്. ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയ സിബിഎസ്ഇ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് പരിക്കേറ്റ കുട്ടികള്‍.

