Friday, May 10, 2024
spot_img

രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ശവകുടീരത്തില്‍നിന്ന് കണ്ടെത്തിയത് ഐഫോണിന് സമാനമായ വസ്തു; അമ്പരന്ന് ശാസ്ത്രലോകം

റഷ്യ: അണക്കെട്ടില്‍ വെള്ളം കുറഞ്ഞപ്പോള്‍ കണ്ടെത്തിയ ശവകുടീരത്തില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചത് ഐഫോണിന് സമാനമായ വസ്തു അമ്പരന്ന് ശാസ്ത്രലോകം. റഷ്യയിലെ സയാനോ ഷഷന്‍സ്‌കെയോ അണക്കെട്ടില്‍ വെള്ളം കുറഞ്ഞപ്പോഴാണ് രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള സ്ത്രീയുടെ ശവകുടീരം കണ്ടെത്തിയത്. അണക്കെട്ടിന്റെ പരിസത്ത് കണ്ടെത്തിയ ശവകുടീരം പരിശോധിക്കാനെത്തിയ പുരാവസ്തു ഗവേഷകര്‍ക്ക് സ്ത്രീയുടേതിന് സമാനമായ അസ്ഥികൂടമാണ് കണ്ടെത്താന്‍ സാധിച്ചത്.

എന്നാല്‍ ഗവേഷകരെ അമ്പരപ്പിച്ചത് അസ്ഥികൂടത്തില്‍ കണ്ടെത്തിയ ചില വസ്തുക്കളാണ്. വിലയേറിയ കല്ലുകള്‍ പതിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണിനോട് സാദൃശ്യം തോന്നുന്ന വസ്തുവാണ് ഗവേഷകരെ ഞെട്ടിച്ചത്. ലിഗ്‌നൈറ്റ് കൊണ്ടുള്ള കവറില്‍ വിലയേറിയ കല്ലുകളാണ് പതിച്ചിരിക്കുന്നത്. ഐ ഫോണിന് സമാനമായ രൂപമാണ് ഈ വസ്തുവിനെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലിഗ്‌നെറ്റ് കവറിലുള്ള ഏതാനും കല്ലുകള്‍ നഷ്ടമായ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.

ചൈനീസ് നാണയം കൊണ്ട് അലങ്കരിച്ച ബെല്‍റ്റിന് സമാനമായ അലങ്കാര വസ്തുവും ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന റഷ്യയില്‍ ജീവിച്ചിരുന്ന ആഭരണപ്രിയമുള്ള സ്ത്രീയുടെ ശവകുടീരമായിരിക്കാം കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പുരാവസ്തു ഗവേഷകരുള്ളത്. ചൈനീസ് നാണയങ്ങളുടെ പഴക്കം അനുസരിച്ചാണ് മൃതദേഹാവശിഷ്ടത്തിന് രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പറയുന്നത്.

നടാഷ എന്നാണ് കണ്ടെത്തിയ അസ്ഥികൂടത്തിന് ഗവേഷകര്‍ പേര് നല്‍കിയിട്ടുള്ളത്. പുരാതന സിയോഗ്‌നു കാലഘത്തിലെ ഗോത്ര സമൂഹത്തിലെ അംഗമാണ് നടാഷയെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഡാമിന്റെ പരിസര പ്രദേശത്ത് മുങ്ങിപ്പോയ മറ്റ് ഗോത്ര സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചെംഗിസ് ഖാന്‍ ഈ പ്രദേശങ്ങളില്‍ വ്യാപരത്തിനെത്തിയിട്ടുണ്ടാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീറിയര്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറിലെ ഗവേഷകരാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ടുവാ എന്ന പേരിലാണ് ഈ ഗവേഷണം നടക്കുന്നത്.

Related Articles

Latest Articles