ഇസ്ലാമാബാദ്: പാകിസ്താനില്‍ നാലടി പൊക്കത്തില്‍ മഞ്ഞുവീണ് 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേർ മരിച്ചു. പാകിസ്താനിലെ പ്രശസ്തമായ റിസോര്‍ട്ട് പട്ടണമായ മുറേയിലായിരുന്നു അപകടം.
ഇവിടെ സഞ്ചരിച്ചിരുന്നവര്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുടുങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. മരിച്ചവരിൽ ചിലർ ഹൈപ്പോതെര്‍മിയ ബാധിച്ചാണ് മരിച്ചത്. ശരീരത്തില്‍ പൊടുന്നനെ താപനില കുറയുന്ന അവസ്ഥയാണിത്. കാറിലെ ഹീറ്ററുകള്‍ തുടര്‍ച്ചയായി ദീര്‍ഘനേരം പ്രവര്‍ത്തിച്ചതുമൂലം കാറിനുള്ളില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചും ചിലര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഇസ്ലാമാബാദ് പോലീസിലെ രണ്ട് ഓഫീസര്‍മാരും ഏഴംഗ കുടുംബാംഗങ്ങളുമുണ്ട്.
ഹില്‍സ് റിസോര്‍ട്ട് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി കനത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. താപനില -8 ഡിഗ്രി വരെ താഴ്ന്നിരുന്നു. റോഡില്‍ നാലടി പൊക്കത്തിലാണ് മഞ്ഞുവീണത്. ആയിരക്കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങാന്‍ ഇത് കാരണമായി.
അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സൈനിക വിഭാഗത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിരവധി വാഹനങ്ങള്‍ മഞ്ഞില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഇപ്പോഴും നൂറുക്കണക്കിന് വാഹനങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുകിടക്കുകയാണെന്നാണ് വിവരം.

