Monday, April 29, 2024
spot_img

പൂഞ്ചിൽ വീരമൃത്യു വരിച്ച വൈശാഖിന് ജന്മനാട്ടിൽ അന്ത്യാഞ്ജലി; ധീരജവാന്റെ സംസ്‌കാരം ഇന്ന്

കൊല്ലം: കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള (Terrorist Attack) ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച് കേണൽ മുരളി ശ്രീധരൻ ഏറ്റുവാങ്ങി.

പാങ്ങോട് ക്യാമ്പ് അഡ്മിൻ കമാൻഡന്റാണ് മുരളി ശ്രീധരൻ. സർക്കാരിനായി മന്ത്രി എൻ.ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. എം.പി.കൊടിക്കുന്നിൽ സുരേഷ്, കളക്ടർ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചിരുന്നു. തുടർന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ഭൗതിക ദേഹമെത്തിച്ചു. പൂഞ്ചിലെ സേവനം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യു വരിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും. ഇതിനുപിന്നാലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഈ മാസം 23 മുതല്‍ 25 വരെ ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തും. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത്ഷാ വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്മീരിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ വേട്ട തുടരുകയാണ്.

Related Articles

Latest Articles