തൃശ്ശൂർ: കോടന്നൂരിനടുത്ത് ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകിയതിന് മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി.ആര്യംപാടം ചിറമ്മൽ ജോയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.കൊലപാതകത്തിൽ മകൻ റിജോയെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങി. നേരം വൈകിയിട്ടും തന്നെ വിളിച്ച് ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് റിജോ പിതാവ് ജോയിയുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോയിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അച്ഛനെ മർദ്ദിച്ച വിവരം മകന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

