മുംബൈ : സാധാരണക്കാരിൽ തീര്‍ത്തും സാധാരണക്കാരനായ ഒരു വ്യക്തി നിയമസഭാതിരഞ്ഞെടുപ്പിൽ ജയിച്ച് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ മൽഷെറാസ് മണ്ഡലത്തിൽ നിന്ന് കേൾക്കുന്നത്. പഞ്ചസാര ഫാക്ടറി തൊഴിലാളിയുടെ മകൻ റാം വിത്തൽ സത്പുത് ആയിരുന്നു മൽഷെറാസിലെ ബി ജെ പി സ്ഥാനാർഥി. പാട്ടീൽ വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലമായിരുന്നു ഇത്. ഇവിടെ എൻ സി പിയുടെ പ്രബലനായ സ്ഥാനാർഥി ഉത്തമറാവുവിനെയാണ് റാം വിത്തൽ വീഴ്ത്തിയത്. വര്‍ഷങ്ങളായി എൻ സി പി നിലനിർത്തിപ്പോരുന്ന മണ്ഡലം കൂടിയാണ് മൽഷെറാസ്.
മൽഷെറാസ് താലൂക്കിലെ വരൾച്ചാ ബാധിത ഗ്രാമമായ ഭാംബുർദിയിലായിരുന്നു നിയുക്ത എം.എല്‍.എ റാം സത്പുതിന്‍റെ ജനനം. മൽഷെറാസിലെ ശങ്കർ സഹകരണ പഞ്ചസാര പ്ലാന്‍റിലും ബാംബർഡിലെ മഡാനെ വയലിലും കൂലിപ്പണിക്കാരായിരുന്നു റാമിന്‍റെ മാതാപിതാക്കൾ. കൂലിപ്പണി ചെയ്ത് കിട്ടിയ പണം കൊണ്ടാണ് അവർ റാമിനെ സ്‌കൂളിലും കോളേജിലുമയച്ച് പഠിപ്പിച്ചത്.
മൽഷെറാസിലെ പ്രൈമറി- സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം റാം ഉന്നത വിദ്യാഭ്യാസത്തിനായി പൂനെയിലേക്ക് പോയി. കോളേജ് പഠനകാലത്ത് വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ റാമിന് അവസരം ലഭിച്ചു. അങ്ങനെയാണ് സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും രാഷ്ട്രീയത്തിലേക്കും റാം പ്രവേശിക്കുന്നത്.
ദരിദ്രരായ ഗ്രാമീണ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് പഠനകാലത്ത് റാം വിത്തൽ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനായി റാം വിവിധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ഭരണകൂടത്തിൽ നിന്ന് വിദ്യാർത്ഥികൾ നേരിട്ട പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കുകയും ചെയ്തു. ഇത്തരത്തിൽ സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ബി ജെ പിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർത്തി. യുവമോർച്ച അധ്യക്ഷനായി പ്രവർത്തിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സഹായ ഫണ്ട് വഴി നിരവധി ദരിദ്രരെ സഹായിക്കാൻ റാം മുന്‍കയ്യെടുത്തിരുന്നു.
കുടിലിൽ താമസിച്ചും സൈക്കിളിൽ സഞ്ചരിച്ചും സാധാരണക്കാരനായി ജീവിക്കുന്ന പ്രതാപ് സാരംഗിയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് കേന്ദ്രമന്ത്രിയാക്കിയത് ബി ജെ പിയാണ്. ഇപ്പോൾ പഞ്ചസാര ഫാക്ടറി തൊഴിലാളിയുടെ മകന് സീറ്റ് കൊടുത്ത് എം എൽ എ ആക്കിയതിലൂടെ ബി ജെ പി സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചരിത്രം ആവര്‍ത്തിച്ചു. രാഷ്ട്രീയത്തിൽ പണക്കൊഴുപ്പിനപ്പുറം നന്മക്കും നേതൃപാടവത്തിനുമാണ് സ്ഥാനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം ഒരിക്കൽക്കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര ബിജെപി ഘടകം .

