ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഓങ്കോളിൽനിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്സഭാംഗം മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ (പിഎംഎല്‍എ) പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്‌ഷന്‍സ് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് ഈയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന ഒരു സംഘമാണ് ദില്ലിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. ആം ആദ്മിയുടെ പ്രമുഖ നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എക്‌സൈസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഇതുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളില്‍ പ്രതികളാണ്.

