Saturday, May 18, 2024
spot_img

ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു;ബാങ്കിനെതിരെ പരാതി നൽകി ലോക്കർ ഉടമ

ഉദയ്പൂർ : ബാങ്ക് ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷത്തോളം രൂപയുടെ കറൻസി നോട്ടുകൾ
ചിതലരിച്ച നിലയിൽ.രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് നോട്ടുകൾ ചിതലരിച്ച് നശിച്ചത്.വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്. ബാങ്കിനെതിരെ ലോക്കർ ഉടമ സുനിത മേത്ത അധികാരികൾക്ക് പരാതി നൽകി.

വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ സുനിത, ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ ചിതലുകളെ കണ്ടതിനെ തുടർന്ന് ബാങ്ക് മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുണിസഞ്ചിയിൽ രണ്ട് ലക്ഷം രൂപയും ബാഗിന് പുറത്ത് 15,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. കേടുവന്ന 15,000 രൂപ ബാങ്ക് മാനേജർ മാറ്റി നൽകിയെങ്കിലും വീട്ടിലെത്തി ബാഗിൽ ഉണ്ടായിരുന്ന നോട്ടുകൾ തുറന്നപ്പോൾ, അതിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ നോട്ടുകളിലും ചിതലിനെ കണ്ടെത്തി.

ലോക്കറിനുള്ളിലെ സാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് സുനിത പറഞ്ഞു. ബാങ്കിന്റെ അനാസ്ഥയും കീടനിയന്ത്രണമില്ലാത്തതുമാണ് ലോക്കറിനുള്ളിലെ സാധനങ്ങൾ കേടാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ഏകദേശം 20 മുതൽ 25 വരെ ലോക്കറുകൾ ചിതലിന്റെ ആക്രമണത്തിന് വിധേയമായി എന്നാണ് വിവരം. വിവരം ഉന്നത അധികാരികളെ അറിയിച്ചതായും പ്രശ്നം പരിഹരിക്കാൻ ഉപഭോക്താവിനെ വിളിച്ചിട്ടുണ്ടെന്നും സീനിയർ മാനേജർ പ്രവീൺ കുമാർ യാദവ് പറഞ്ഞു.

Related Articles

Latest Articles