Friday, May 17, 2024
spot_img

സൗമ്യയെ വീട്ടിലിട്ട് കൊല്ലാന്‍ അജാസ് പദ്ധതിയിട്ടു; കാത്തുനിന്നത് അഞ്ചുമണിക്കൂറോളം

വള്ളികുന്നം: സൗമ്യയെ വീട്ടിലിട്ട് കൊല്ലാനാണ് അജാസ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനായി പ്രതി അഞ്ചുമണിക്കൂറോളം കാത്തുനിന്നു.

ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്കൂട്ടറില്‍ തഴവ എ വി ഹൈസ്കൂളില്‍ പിഎസ് സി പരീക്ഷ എഴുതാന്‍പോയി.

അജാസ് രാവിലെമുതല്‍ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ് പി സി പരിശീലനത്തിന് പോകുന്നതും യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

എസ് പി സി പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. മൂന്നേമുക്കാലോടെ സൗമ്യ സ്കൂട്ടറില്‍ വീട്ടിലേക്കു വന്നു. അപ്പോള്‍ അജാസ് കാറില്‍ പിന്തുടര്‍ന്നിട്ടുണ്ടെന്നുതന്നെയാണ് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്.

വീട്ടിലെത്തി ഏതാനും മിനിറ്റുകള്‍ക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴേക്കും അജാസ് കാറില്‍ വീടിന് മുന്‍പിലെത്തിയതേയുള്ളൂ. വീട്ടില്‍ കയറാന്‍ സമയംകിട്ടുന്നതിനുമുമ്പ് സൗമ്യ റോഡിലെത്തി. ഇതിനാലാണ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടര്‍ന്നായിരുന്നു സ്കൂട്ടറില്‍ കാറിടിച്ച്‌ വീഴ്ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തില്‍ വെട്ടിവീഴ്ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു.

ലിബിയയിലെ ജോലിസ്ഥലത്തുനിന്ന് സൗമ്യയുടെ ഭര്‍ത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലേക്കുതിരിച്ചു.
സൗമ്യയുടെ ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പില്‍ നടക്കും

Related Articles

Latest Articles