ദില്ലി: രാജ്യത്ത് ഒരു ഒമൈക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചത് സംസ്ഥാന ആരോഗ്യമന്ത്രാലയമാണ്. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇയാൾ കോവിഡ് പോസിറ്റീവ് ആണെന്ന് സ്‌ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഇയാളുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാജ്യം വിട്ടതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റിവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്. ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികളെ പറ്റിയും കർണ്ണാടക സർക്കാരിന് വിവരം ലഭിച്ചിട്ടില്ല.

