തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് തുടങ്ങുന്നത് ആറാം സമ്മേളനമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചത്.
ഇന്നത്തെ സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിന്റെ 76 വർഷത്തിന്റെ ഭാഗമായുള്ള പ്രത്യേക യോഗമാണ് ചേരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് മറ്റ് നടപടികൾ ഉണ്ടാകില്ല. കൂടാതെ ഇന്നത്തെ യോഗത്തിൽ തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചർച്ച ചെയ്തു യുക്തമായ തീരുമാനമെടുക്കും.
നാളെ സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോർഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ പരിഗണിക്കുന്ന ബില്ലുകൾ സംബന്ധിച്ച് 22-ന് കാര്യോപദേശകസമിതി തീരുമാനിക്കുമെന്നാണ് വിവരം.

