Wednesday, May 15, 2024
spot_img

ശ്രീ പദ്മനാഭസ്വാമിക്ക് ഇന്ന് ആറാട്ട്; ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കാന്‍ അനന്തപുരി; തലസ്ഥാനത്ത് ഇന്ന് ഭാഗിക അവധി

തിരുവനന്തപുരം: അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീ പദ്മനാഭസ്വാമിക്ക് ഇന്ന് ആറാട്ട് (Sree Padmanabhaswamy Temple Arattu). ആറാട്ടിന് മുന്നോടിയായുള്ള പള്ളിവേട്ട ക്ഷേത്രത്തില്‍ ഇന്നലെ നടന്നു. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കാവില്‍ ഇലഞ്ഞിക്കു ചുവട്ടിലെ കരിക്കില്‍ പ്രതീകാത്മകമായി അമ്പെയ്താണ് വേട്ട തുടങ്ങിയത്. രാത്രി എട്ടരയോടെ ക്ഷേത്രംസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മയാണ് പള്ളിവേട്ട നടത്തിയത്.

ഉത്സവ ശീവേലിക്ക് ശേഷം രാജകുടുംബസ്ഥാനി ക്ഷേതത്തില്‍ നിന്നും ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീ പദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വര്‍ണഗരുഡവാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളില്ലാതെ നിശബ്ദ ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തി. തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരി അമ്പും വില്ലും ആവാഹനം കഴിച്ച് രാമവര്‍മ്മക്ക് കൈമാറി. തുടര്‍ന്നായിരുന്നു പള്ളിവേട്ട നടന്നത്. ഇന്ന് പുലര്‍ച്ചയ്ക്ക് കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനവും നടന്നു. ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തില്‍ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കും.

Sree Padmanabhaswamy Temple

ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറേ നടയിലെത്തും. തുടര്‍ന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പുറപ്പെടും. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തെത്തി കല്‍മണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ പൂജകള്‍ക്ക് ശേഷം സമുദ്രത്തിലാറാടിക്കും. ആറാട്ടുകഴിഞ്ഞ് എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തില്‍ എത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളം അഞ്ചു മണിക്കൂര്‍ അടച്ചിടും. വിമാനത്താവള റണ്‍വേ മുറിച്ചു കടന്ന് പോകുന്ന ആറാട്ടിന് കേരള പൊലീസിന്റെയും ഇന്ത്യന്‍ പട്ടാളത്തിന്റെയും നായര്‍ പടയാളികളുടെയും വാളേന്തിയ തിരുവിതാംകൂര്‍ രാജകുടുംബ അംഗങ്ങളുടെയും അകമ്പടി സേവിക്കും. അദാനി ഗ്രൂപ്പ് ആറാട്ടിന് സ്വീകരണം നല്‍കും. ഇതിന്റെ ഭാഗമായി വിമാനത്താവളം മനോഹരമായി അലങ്കരിച്ചിരിക്കുകയാണ്.

അതേസമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിന് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഭക്തര്‍ ആറാട്ടിന് അകമ്പടി പോകുന്നതും കൂട്ടം കൂടുന്നതും തടഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles