കോഴിക്കോട്: കവളപ്പാറയിൽ സർക്കാർ സംവിധാനം പൂര്‍ണ പരാജയമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ദുരന്തമുഖം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 59 പേരും 35 വീടും മണ്ണിനടിയിൽപ്പെട്ട സ്ഥലത്താണ് സർക്കാർ നിരുത്തരവാദപരമായ നിലപാട് തുടരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയും കഷ്ടമാണ്. കോൺക്രീറ്റ് പാളികൾ കയറ് കെട്ടി വലിച്ചു മാറ്റുകയാണ്.
ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും 44 മനുഷ്യജീവനുകളെ കുറിച്ച് ഒന്നും പറയാൻ സര്‍ക്കാരിന് സാധിക്കുന്നില്ല. എസ് സി /എസ് ടി വിഭാഗത്തോടുള്ള സർക്കാർ നിലപാട് നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വയനാട്ടിലെ പുത്തുമലയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയും സർക്കാർ കെടുകാര്യസ്ഥയും അവഗണനയും ഒക്കെ തിരുത്തണം. മുഖ്യമന്ത്രി ഉടനടി കവളപ്പാറയിലെയും പുത്തുമലയിലെയും ദുരന്ത സ്ഥലങ്ങള്‍ സന്ദർശിച്ച് വ്രണിത ഹൃദയരുടെ കണ്ണീർ ഒപ്പാനും ആശ്വാസം നൽകാനും തയ്യാറാവണമെന്നും പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

