Monday, May 6, 2024
spot_img

ശ്രീലങ്കന്‍ സ‌്ഫോടനങ്ങള്‍ : 24 പേര്‍ പിടിയില്‍; മരണം 290

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയില്‍ 290 പേര്‍ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച‌് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട‌് ചെയ‌്തു. അഞ്ഞൂറോളം പേര്‍ക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതര്‍ വ്യക്തമാക്കി. മരിച്ച 36 പേര്‍ വിദേശികളാണ‌്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന‌് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട‌് 24 പേരെ അറസ്റ്റ‌് ചെയ‌്തു. പിടിയിലായവരെല്ലാം സ്വദേശികളാണ‌്. ആക്രമണത്തിന‌് വിദേശബന്ധമുണ്ടോയെന്ന‌് പരിശോധിച്ചുവരികയാണെന്ന‌് പ്രധാനമന്ത്രി അറിയിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന‌് കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ‌് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു.തലസ്ഥാനമായ കൊളംബോയിലെ ഒറുഗോദവട്ട ഹൗസിങ‌് കോളനിയിലായിരുന്നു എട്ടാമത്തെ സ‌്ഫോടനമുണ്ടായത‌്. ഇവിടെ മൂന്ന‌് പൊലീസുകാര്‍ മരിച്ചതായി എഎഫ‌്പി റിപ്പോര്‍ട്ട‌് ചെയ‌്തു. രാജ്യത്ത‌് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ എന്നുവരെ തുടരുമെന്ന‌് വ്യക്തമല്ല.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ‌്ചവരെ അടച്ചിടുമെന്ന‌് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫെയ‌്സ‌്ബുക്ക‌്, ഇന്‍സ്റ്റഗ്രാം, വാട‌്സാപ‌് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 8.45ന‌് കൊച്ചിക്കാഡെയിലെ സെന്റ‌് ആന്റണീസ‌് പള്ളിയിലാണ‌് ആദ്യ സ‌്ഫോടനമുണ്ടായത‌്. പിന്നീട‌് നെഗൊബോയിസിലെയും ബട്ടിക്കലോവയിലെയും പള്ളികളിലും ഷംഗ്രില, സിനമണ്‍ ഗ്രാന്‍ഡ‌്, കിങ‌്സ‌്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ‌്ഫോടനമുണ്ടായി.

Related Articles

Latest Articles