Sunday, January 11, 2026

ശ്രീനിവാസൻ കൊലപാതകം; എതിരാളികളെ കൊലപ്പെടുത്തിയത് പട്ടിക തയ്യാറാക്കി, ഇത് കേരളത്തിലെ ആദ്യ സംഭവം: പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കണമെന്നും പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്: ആര്‍എസ്‌എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ വലിയ ഗൂഢാലോചന നടന്നതായി പോലീസ്. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.

കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതികളുടെ ജാമ്യം നിഷേധിക്കണമെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിനായി നടത്തിയത് വലിയ ഗൂഢാലോചനയാണ്. മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍ എന്നിവര്‍ ഗൂഢാലോചനയിലും, ആയുധങ്ങള്‍ പ്രതികള്‍ക്ക് നല്‍കുന്നതിലും സഹായിയായി പ്രവര്‍ത്തിച്ചു. ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് സഹദാണ്.

മുഹമ്മദ് റിസ്വാന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച്‌ തെളിവ് നശിപ്പിച്ചു എന്നും പോലീസ് കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇത് സഹായമാവും എന്നും, തെളിവ് നശിപ്പിക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

ശ്രീനിവാസനെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. പ്രതികള്‍ക്ക് മസ്ജിദുകളാണ് അഭയം നല്‍കുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്.

Related Articles

Latest Articles