Monday, April 29, 2024
spot_img

ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കാൻ സാധ്യത; കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്‌പിക്ക് വധഭീഷണി ഉണ്ടായതിനെ തുടർന്ന് സുരക്ഷവർധിപ്പിച്ചു. നവംബർ ആറിനാണ് ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉണ്ടായത്. കേസ് സൈബർ പൊലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് ഡി.വൈ.എസ്.പി അനിലിന്റെ സുരക്ഷയും വർധിപ്പിച്ചിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിദേശത്ത് നിന്ന് ഫോണിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയത്.

അതേസമയം, ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ എന്നിവരെ എൻഐഎ പ്രതി ചേർക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേർക്കുന്നത്. നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജൻസി വ്യക്തമാക്കി.

റൗഫിന് പിന്നാലെ യഹിയ തങ്ങളെയും പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തും. മലപ്പുറത്ത് നടന്ന റെയ്ഡ് ദില്ലിയിൽ തടവിലുള്ള ഇ. അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനിടെ ഇ.അബ്ദുറഹ്മാന്റെ തുർക്കി യാത്രയും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഐഎ പിടിച്ചെടുത്തു. മലപ്പുറം പെരുമ്പടപ്പ് സ്വദേശി അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു റെയ്ഡ്. ഇതിനിടെ ശ്രീനിവാസൻ വധകേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു.

Related Articles

Latest Articles