Monday, April 29, 2024
spot_img

കാളീകടാക്ഷത്തിന്റെ നിറകുടമായ ആത്മീയ ആചാര്യൻ; ആധുനിക ഭാരതത്തിന് ദിശാബോധം നൽകിയ മഹാമനീഷി; ഇന്ന് ശ്രീരാമകൃഷ്‌ണ പരമഹംസരുടെ ജയന്തി ദിനം

ആധുനിക ഭാരതത്തിന് വ്യക്തമായ ആത്മീയ ദിശാബോധം നൽകിയ മഹാമനീഷിയായിരുന്നു ശ്രീരാമകൃഷ്‌ണ പരമഹംസർ. 1836 ഫെബ്രുവരി 17 നാണ് ജനനമെങ്കിലും ഹിന്ദു കലണ്ടർ പ്രകാരം മാർച്ച് 11 നാണ് ഇക്കൊല്ലത്തെ ജയന്തി ദിനം. കുടുംബ പ്രാരാബ്‌ധങ്ങളാണ് ഗദാധരൻ എന്ന ശ്രീരാമകൃഷ്ണനെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയാക്കിയതെങ്കിലും ചിട്ടയോടെയുള്ള ഉപാസനയും പൂജയും അദ്ദേഹത്തെ ഭക്തിയുടെ മറ്റൊരു തലത്തിലേക്കുയർത്തി. ദക്ഷിണേശ്വരിലെ കാളീക്ഷേത്രത്തിൽ നിന്നും ഭാരതത്തിനെന്നു മാത്രമല്ല ലോകത്തിന് തന്നെ ആത്മീയ വെളിച്ചം നൽകി. ഇരുപത്തിനാലാം വയസിൽ വിവാഹിതനാകേണ്ടി വന്നെങ്കിലും പത്നി ശാരദാദേവിടെയും കൂട്ടി അദ്ദേഹം പോയത് അദ്ധ്യാത്മിക ജീവിതത്തിലേക്കായിരുന്നു.

ഒരു പ്രാവശ്യമെങ്കിലും കാളി മാതാവിൻ്റെ ദർശനം കിട്ടാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. വർഷങ്ങൾ നീണ്ട കടുത്ത തപസ് അനുഷ്ഠിച്ചിട്ടും ദർശനം കിട്ടാതിരുന്നതിനാൽ, മരിക്കാൻ ഒരുങ്ങുകയും കാരുണ്യ ശാലിനിയായ കാളിമാതാവ് അപ്പോൾ അദ്ദേഹത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തു! ജഗന്മാതാവിൻ്റെ പ്രത്യക്ഷ ദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഗുരുക്കന്മാരെ ലഭിക്കുന്നത്! തന്ത്രയിൽ ഭൈരവി ബ്രാഹ്മണിയും യോഗ- വേദാന്തത്തിൽ തോതാപുരിയുമായിരുന്നു ഗുരു. ഇവരിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കൂടുതല്‍ ഉന്നതമായ അദ്ധ്യാത്മിക സാധനാനുഷ്ഠാനങ്ങൾ അദ്ദേഹം അഭ്യസിച്ചു. താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനുമുള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു ശ്രീരാമകൃഷ്ണപരമഹംസന്.

1881-ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനെ സന്യാസിയായ
സ്വാമി വിവേകാനന്ദനാക്കി മാറ്റാൻ ശ്രീരാമകൃഷ്ണ ദേവന് കഴിഞ്ഞു! ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണ പരമഹംസർ മതാതീതമായ അദ്ധ്യാത്മികതയുടെ വക്താവായിരുന്നു. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യന്മാരില്‍ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സനാതന ധർമ്മ പ്രബോധനങ്ങളിൽ ആകൃഷ്ടനായി 1887-ൽ സന്യാസം സ്വീകരിച്ചതില്‍ പിന്നെയാണ് നരേന്ദ്രൻ സ്വാമി വിവേകാന്ദനായത്.

ഗുരുവായ പരമഹംസരോടുള്ള ആദര സൂചകമായാണ്‌ സ്വാമി വിവേകാനന്ദന്‍ ശ്രീരാമ കൃഷ്ണ മഠം സ്ഥാപിച്ചത്! ഗ്രാമഗ്രാമാന്തരങ്ങളിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിശപ്പ് മാറ്റാനും, ആവശ്യമായ വിദ്യാഭ്യാസം കൊടുക്കാനും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വേണ്ടിയാണ് 1897 മെയ് ഒന്നിന് ശ്രീരാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവ സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാജ്യങ്ങളിലും മിഷൻ, പടര്‍ന്നു പന്തലിച്ച് കിടക്കുന്നു. പാവങ്ങളുടെയും അശരണരായവരുടെയും ഉന്നമനത്തോടോപ്പം മതങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയുമായിരുന്നു മിഷൻ്റെ ലക്ഷ്യത്തില്‍ പ്രധാനം. ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന രാമകൃഷ്ണ മിഷന്റെ ആസ്ഥാന കേന്ദ്രമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ബംഗാളിലെ ഹൌറയിലാണ്. ഏറ്റവും വലിയ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 1998-ൽ ഭാരത സർക്കാറിൻ്റെ 1 കോടി രൂപയും ഫലകവുമടങ്ങുന്ന ഗാന്ധി പീസ് അവാർഡ് മിഷന് ലഭിച്ചു.

Related Articles

Latest Articles