Monday, April 29, 2024
spot_img

കടമെടുത്ത് കടക്കെണിയിലാക്കി കെ.എസ്.ആർ.ടി.സി;കെടിഡിഎഫ്സി 170 കോടിയുടെ നിക്ഷേപം നൽകിയില്ല;സർക്കാരിന് നോട്ടീസയച്ച് ശ്രീരാമകൃഷ്ണ മിഷൻ

തിരുവനന്തപുരം: സർക്കാരിന് നോട്ടീസയച്ച് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ. കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച 170 കോടി ഉടൻ നല്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കാലാവധി പൂർത്തിയായതിനാൽ നിക്ഷേപ തുക പിൻവലിക്കാൻ കൊൽക്കത്തയിലെ ആശ്രമം അധികാരികൾ കെടിഡിഎഫ്സിയെ സമീപിച്ചിരുന്നു. എന്നാൽ കടത്തിലാണെന്നും പണം ഇപ്പോൾ നൽകാനില്ലെന്നുമാണ് കെടിഡിഎഫ്സി അറിയിച്ചത്.

നിക്ഷേപത്തുക ലഭിക്കാൻ പല ശ്രമങ്ങളും ശ്രീരാമകൃഷ്ണ മിഷൻ നടത്തിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഒടുവിൽ അഭിഭാഷക സംഘവുമായി ശ്രീരാമകൃഷ്ണ മിഷൻ തിരുവനന്തപുരത്തെത്തുകയായിരുന്നു. കെടിഡിഎഫ്സിയിലെ നിക്ഷേപത്തിന് സർക്കാരാണ് ഗ്യാരന്റി. അതുകൊണ്ടാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ്‌ സിൻഹയ്ക്ക് നോട്ടീസയച്ചിരിക്കുന്നത്. സർക്കാരിന് നോട്ടീസ് ലഭിച്ച കാര്യം ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥിരീകരിച്ചിട്ടുണ്ട്. കെടിഡിഎഫ്സിയിലെ 4000 കോടി വരെയുള്ള നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി നൽകുന്നുണ്ട്. ആകെ 580 കോടിയുടെ നിക്ഷേപമാണ് നിലവിലുള്ളത്.

കെടിഡിഎഫ്സിയെ കടത്തിൽ മുക്കിയത് കെ.എസ്.ആർ.ടി.സിയാണ്. 2018ൽ 350 കോടി കെ.എസ്.ആർ.ടി.സി വായ്പ്പയെടുത്തിരുന്നെങ്കിലും പണം തിരിച്ചടച്ചിരുന്നില്ല. തുടർന്നാണ് പലിശയും പിഴ പലിശയുമായി 780 കോടിയായി മാറുന്നത്. എന്നാൽ ഈ പണം തിരിച്ചടയ്ക്കാൻ കെ.എസ്.ആർ.ടി.സിക്കോ സർക്കാരിനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

Related Articles

Latest Articles