Sunday, May 19, 2024
spot_img

മാതൃരാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കണം; പ്രധാനമന്ത്രിയോട് സഹായാഭ്യർത്ഥനയുമായി ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

കൊളംബോ: പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥനയുമായി ശ്രീലങ്കൻ പ്രതിപക്ഷനേതാവ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പറയുന്നത്. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും മോദിക്ക് തങ്ങളെ രക്ഷിക്കാനാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘ ശ്രീലങ്കയെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാകുന്നതിന്റെ പരമാവധി ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇത് ഞങ്ങളുടെ മാതൃരാജ്യമാണ്, മാതൃരാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കണമെന്നും’ അദ്ദേഹം നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാലു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ രാജപക്സെ കുടുംബത്തിൽനിന്ന് ആരും തന്നെയില്ല. ധനമന്ത്രിയായിരുന്ന ബേസിൽ രാജപക്സെയ്ക്കു സ്ഥാനം നഷ്ടമായി. നിയമ–പാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ.പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. ദിനേശ് ഗുണവർധന (വിദ്യാഭ്യാസം), ജോൺസ്റ്റൺ ഫെർണാണ്ടോ (ഗതാഗതം) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാർ.

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദയുടെ മകൻ ഉൾപ്പെടെ മന്ത്രിമാരെല്ലാം ഇന്നലെ രാജി വെച്ചിരുന്നു. പൂർണമന്ത്രിസഭ രൂപീകരിക്കുന്നതുവരെ അവരായിരിക്കും ചുമതലകൾ വഹിക്കുന്നത്. സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രാജപക്സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു പ്രസിഡന്റിന്റെ നടപടി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം.

ഞായറാഴ്ച, പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളിൽ അക്രമാസക്തമായി. കർഫ്യൂ ലംഘിച്ച് റാലി നടത്താൻ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയിൽ വിദ്യാർഥി പ്രതിഷേധം തടയാൻ കണ്ണീ‍ർവാതകം പ്രയോഗിച്ചു. കാൻഡി നഗരത്തിലും വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമായി.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ എംപിമാർ മാർച്ച് നടത്തി. രാജപക്സെ കുടുംബം സര്‍ക്കാരില്‍ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ ശക്തമായി. കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.

എന്നാൽ, രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കർഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടില്ല. പലയിടത്തും സൈന്യവുമായും ജനങ്ങൾ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്. ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ സമൂഹമാദ്ധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 15 മണിക്കൂറിന് ശേഷം പിൻവലിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങൾ തടയാനെന്ന പേരിൽ വിലക്കിയത്. എന്നാൽ സിനിമാതാരങ്ങളും നമൽ രാജപക്സെയും ഉൾപ്പെടെ ഉള്ളവർ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പൂർണമായും പിൻവലിച്ചു.

Related Articles

Latest Articles