Monday, May 13, 2024
spot_img

തെരുവുനായയെ കൊണ്ട് പൊറുതിമുട്ടി സംസ്ഥാനം; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക് നായയുടെ കടിയേറ്റു; കൈയ്ക്കും കാലിനും പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ശല്യം രൂക്ഷം. മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു. പിതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷിഫ്‌നക്കാണ് കടിയേറ്റത്. ഉടൻ തന്നെ വിദ്യാർത്ഥിനിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകവേയാണ് കടിയേറ്റത്. യാതൊരു പ്രകോപനവും കൂടാതെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ കൈയ്‌ക്കും കാലിനും ആണ് പരിക്കേറ്റത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ശബ്ദം കേട്ടാണ് തെരുവുനായ പിൻതിരിഞ്ഞത്.

കൂടുതലും മദ്രസ, സ്‌കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിക്കുന്നത്. ഒരു എബിസി കേന്ദ്രം പോലും മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്നില്ല. ദിവസങ്ങൾക്കു മുൻപാണ് തിരൂരങ്ങാടിയിൽ സ്‌കൂൾ വിദ്യാർത്ഥിയ്‌ക്ക് നേരെ തെരുവുനായ ചാടിയടുത്തത്. കുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടി കയറിയതിനാൽ വലിയ അപകടം ഒഴിവായി. നിരന്തരമായുള്ള തെരുവുനായ ആക്രമണത്തിൽ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് ജനങ്ങൾ പറയുന്നു. അതേസമയം പാലക്കാട് തൃത്താലയിലും തെരുവുനായ ആക്രമണം ഉണ്ടായി. കാൽനട യാത്രക്കാരായ യുവാക്കളെയും വയോധികനെയുമാണ് തെരുവുനായ ആക്രമിച്ചത്.

Related Articles

Latest Articles