Sunday, May 19, 2024
spot_img

പലരാജ്യങ്ങളിലും പെട്രോൾ വില 50 % കൂടി ഇന്ത്യയിൽ വർദ്ധനവ് 5 % മാത്രം കേരളമടക്കം 9 സംസ്ഥാനങ്ങൾ നികുതി കുറക്കാൻ തയ്യാറായില്ല പെട്രോളിയം മന്ത്രി ഹർദീപ് സിംങ് പുരി

ദില്ലി: പല രാജ്യങ്ങളിലും ഇന്ധനവില 50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നതായും , ഇന്ത്യയില്‍ മാഹാമാരിയുടെ ഘട്ടത്തില്‍ അഞ്ച് ശതമാനം മാത്രമാണ് ഇന്ധന വില ഉയര്‍ത്തിയതെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഉപഭോക്താവ് നല്‍കുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതില്‍ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളവും മഹാരാഷ്ട്രയുമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചില്ലെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നികുതി ഈടാക്കുന്നത്. കോവിഡ് കാല ഘട്ടത്തില്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് കുറച്ചു. കേന്ദ്ര എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചു. എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഇനിയും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍ ഈ രാജ്യങ്ങളിലെല്ലാം 50 മുതല്‍ 58 ശതമാനം വരെ ഇന്ധന വില ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ അഞ്ചു ശതമാനം മാത്രമാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതിനാൽ പെട്രോളിയം വില വർദ്ധനവ് സംബന്ധിച്ച വിമർശനങ്ങൾ അടിസ്ഥാന രഹിതമാണ്.

കുറഞ്ഞ വിലയില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്ന റഷ്യയുടെ വാഗ്ദ്ധാനം സംബന്ധിച്ച് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ലഭ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പരിശോധിക്കും. റഷ്യന്‍ സര്‍ക്കാരുമായി ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മതിയായ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുകയാണ്. തീരുമാനങ്ങള്‍ അന്തിമമാകുമ്പോള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം’ പുരി പറഞ്ഞു.

Related Articles

Latest Articles