Wednesday, May 1, 2024
spot_img

സ്വപ്നയുടെ സ്പേസ് പാർക്ക് നിയമനം; വിശദാംശങ്ങൾ തേടി ഇ ഡി,സ്പെഷ്യൽ ഓഫീസർ സന്തോഷ്‌ കുറുപ്പിന്റെ മൊഴിയെടുത്തു

കൊച്ചി: എം ശിവശങ്കർ ഇടപെട്ട് സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം പുരോഗമിക്കുന്നു.നിയമനവുമായി ബന്ധപ്പെട്ട് ഇ ഡി അധികൃതരിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് സ്പേസ് പാർക്ക്‌ സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ്‌ കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകിയ ഐടി വകുപ്പിന്റെ കീഴിലുള്ളതാണ് സ്പേസ് പാർക്ക് പദ്ധതി.എം ശിവശങ്കർ ഇടപ്പെട്ട് സ്പേസ് പാർക്കിൽ കൺസൾട്ടന്റായാണ് ആദ്യം സ്വപ്നയെ നിയമിച്ചത്.

പിന്നീട് ഇവിടെ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്‍റെ നിയമനം. 2019 ഒക്ടോബർ മുതൽ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്.സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാ‍ട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദം. ഉത്തരവാദിത്തം പിഡബ്ള്യുസിക്കും റിക്രൂട്ടിംഗ് ഏജൻസിയെന്ന് പ്രചരിപ്പിച്ച വിഷൻടെക്കിനും മാത്രമാണെന്ന വാദങ്ങളും അന്ന് തന്നെ പരിഹാസ്യമായി.
അന്നുയർന്ന ആരോപങ്ങളെ രണ്ടര വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ വാട്സ്ആപ്പ് ചാറ്റുകളിലൂടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബലപ്പെടുത്തുകയാണ്.

നിയമനം ശിവശങ്കർ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സ്പെയ്സ് പാർക്ക് പദ്ധതിയിൽ സ്വപ്ന സുരേഷിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ സ്വർണ്ണക്കടത്ത് വിവാദ നാളുകളിൽ സിപിഎം നടത്തിയ വലിയ പ്രതിരോധമാണ് പൊളിയുന്നത്.

Related Articles

Latest Articles