Wednesday, September 23, 2026

സംസ്ഥാനത്ത് ഹര്‍ത്താലിനിടെ കല്ലേറ്; ആക്രമണത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്ക്

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.

അതേസമയം ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

Related Articles

Latest Articles