Saturday, September 19, 2026

PFI ആക്രമണം രൂക്ഷം; കൊല്ലത്ത് സമരാനുകൂലികൾ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി, കടകളടപ്പിച്ചു

കൊല്ലം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. ജില്ലകളിൽ പലയിടത്തും സമരാനുകൂലികൾ ആക്രമണം അഴിച്ചു വിടുകയാണ്. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യംപറയുന്നത് നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ സമരാനുകൂലികൾ ആക്രമിച്ചത്.

സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെയാണ് യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പോലീസിന്റെ ബൈക്കിൽ പി എഫ് ഐ പ്രവർത്തകർ ബൈക്ക് കൊണ്ടിടിക്കുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു.

സ്വകാര്യ വാഹനങ്ങളുൾപ്പെടെ പിഎഫ് ഐ തടഞ്ഞു നിർത്തുകയും, ആക്രമണം നടത്തുകയുമാണ്. പലസ്ഥലങ്ങളിലും നിരത്തിലിറങ്ങിയ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. കടകൾ അടപ്പിച്ചു. കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർത്തു. പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. കരുനാഗപ്പള്ളിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ലോറിക്ക് നേരെ കല്ലെറിഞ്ഞു.

Related Articles

Latest Articles