ഹിന്ദു ധർമ്മ സംരക്ഷണത്തിനായി ത്യാഗം സഹിച്ചവരിൽ കൊച്ചുകുട്ടികൾ പോലും പിന്നിലാകാത്ത വീരഭൂമിയാണ് ഭാരതം. 1719-ൽ ഇന്നത്തെ പാകിസ്ഥാൻ സിയാൽകോട്ടിനടുത്തുള്ള ഒരു ഗ്രാമത്തിൽ ശ്രീ ഭഗ്മൽ ഖത്രിയുടെ മകനായി ജനിച്ച ഹകീകത് റായ് അത്തരത്തിലുള്ള ഒരു കുട്ടിയായിരുന്നു.
ഹകീകത് റായിയുടെ മാതാപിതാക്കൾ ഭക്തരായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലം മുതൽ അവനിൽ ഹിന്ദു ധർമ്മത്തോടുള്ള താൽപ്പര്യം ഉണർന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതം പഠിച്ചു. അന്ന് ഭാരതത്തിൽ മുഗള ഭരണമായിരുന്നു. അറബി-പേർഷ്യൻ ഭാഷ അറിയുന്നവർക്ക് പ്രാധാന്യം ലഭിച്ചിരുന്നു. ഇക്കാരണത്താൽ, ഹകീകത്തിനെ പിതാവ് 10-ാം വയസ്സിൽ പേർഷ്യൻ ഭാഷ പഠിക്കാൻ മദ്രസയിലേക്ക് അയച്ചു. അവിടെയും പേർഷ്യൻ ഭാഷ സ്വായത്തമാക്കുന്നതിൽ ഹകീകത് ആയിരുന്നു മുന്നിൽ. ഇത് മറ്റ് മുസ്ലീം വിദ്യാർത്ഥികൾക്ക് അവനോട് അസൂയ ഉണ്ടാക്കി. അവർ പലപ്പോഴും ഹകീകതിനെ അപമാനിക്കാൻ ശ്രമിച്ചു.
എന്നാൽ ഹകീകത് റായി എപ്പോഴും പഠനത്തിൽ ഏർപ്പെട്ടിരുന്നു. ഒരിക്കൽ മദ്രസയിലെ പുരോഹിതന് ചില ജോലികൾക്കായി മറ്റൊരു ഗ്രാമത്തിലേക്ക് പോകേണ്ടിവന്നു. കുട്ടികളോട് പാഠങ്ങൾ മനഃപാഠമാക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം പോയി. അവൻ പോയ ഉടനെ എല്ലാ വിദ്യാർത്ഥികളും കളിക്കാൻ തുടങ്ങി. പക്ഷേ ഹകീകത് റായി മാറി ഇരുന്നു പാഠങ്ങൾ പഠിച്ചു കൊണ്ടിരുന്നു. ഇതുകണ്ട് മുസ്ലീം വിദ്യാർത്ഥികൾ അവനെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതിന് ശേഷവും ഹകീകത് അനങ്ങാതെ വന്നപ്പോൾ ഒരു വിദ്യാർത്ഥി ഹകീകത്തിന്റെ പുസ്തകം തട്ടിയെടുത്തു.
ഭവാനി മാതാവിനെ വിചാരിച്ച് തന്റെ പുസ്തകം തിരികെ തരുവാൻ ഹകീകത് അവരോട് അപേക്ഷിച്ചു. എന്നാൽ കുട്ടികൾ പുസ്തകങ്ങൾ മടക്കി നൽകിയില്ല എന്ന് മത്രമല്ല ഭവാനി മാതാവിനെ കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി. ഇത് കേട്ട് ദേഷ്യം വന്ന ഹകീകത് അതി ശക്തമായി പ്രതികരിച്ചു. മടങ്ങിയെത്തിയ മൗലവിയോട് മുസ്ലീം വിദ്യാർത്ഥികൾ ഹകീകത് ഇസ്ലാമിനെ അവഹേളിച്ചു എന്ന കളവ് പറഞ്ഞു. മറ്റൊന്നും അന്വേഷിക്കാതെ മൗലവി ഹകീകത്തിനെ കുറ്റക്കാരനായി വിധിക്കുകയും തടവിലാക്കുകയും ചെയ്തു. ശിക്ഷയ്ക്കായി ഖാസിയുടെ അടുത്തേക്ക് കൊണ്ടുപോയി.
ഖാസി ഹകീകത് റായിയെ അതി ക്രൂരനായ ലാഹോറിലെ ബഡാ ഇമാമിന്റെ അടുക്കലേക്ക് അയച്ചു. ഹകീകത് റായി ഇസ്ലാമിനെ അപമാനിച്ചു എന്ന് പറഞ്ഞ് കൊണ്ട് ഖാസി ഹകീകത്തിന് വധശിക്ഷ വിധിച്ചു. ഹകീകത് ഹിന്ദു ധർമം ഉപേക്ഷിച്ച് മുസ്ലിമായാൽ ശിക്ഷ റദ്ദാക്കാം എന്ന് ഖാസിം പറഞ്ഞു. ഹകീകത്ത് അതിന് മറുപടി പറഞ്ഞു.
“ഞാൻ ഹിന്ദു ധർമ്മത്തിലാണ് ജനിച്ചത്, ഹിന്ദുവായി തന്നെയേ ഞാൻ മരിക്കൂ “.
ഇസ്ലാം പുരോഹിതന്മാർ ആ ബാലന് മറ്റ് പല പ്രലോഭനങ്ങളും നൽകിയെങ്കിലും പതിമൂന്ന് വയസ് മാത്രമുണ്ടായിരുന്ന ഹകീകത് ഹിന്ദു ധർമ്മം ഉപേക്ഷിക്കാൻ തയ്യാറായില്ല.
ഒടുവിൽ വസന്ത് പഞ്ചമി ദിനത്തിൽ വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടു. ആരാച്ചാർ തലവെട്ടാൻ എഴുന്നേറ്റപ്പോൾ ഹകീകത് റായിയുടെ പുഞ്ചിരിക്കുന്ന പ്രഭാപൂർണ്ണമായ മുഖം കണ്ട്, അയാളുടെ കൈയിൽ നിന്ന് വാൾ താഴെ വീണു. തന്റെ കടമ നിറവേറ്റാൻ ഹകീകത് റായി ആരാച്ചാരോട് ആവശ്യപ്പെട്ടു. ഹകീകത് റായിയുടെ ശിരഛേദം നടന്നെങ്കിലും ശിരസ് ഭൂമിയിൽ പതിക്കാതെ ആകാശത്തിലൂടെ നേരെ സ്വർഗത്തിലേക്ക് പോയി എന്ന് പറയപ്പെടുന്നു. അതിന്റെ ഓർമ്മയിൽ ഇന്നും വസന്തപഞ്ചമി ദിനത്തിൽ പട്ടം പറത്തുന്നു.


